ഡൽഹി : ഡൽഹി അസംബ്ലിയിൽ അഴിമതിയെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ, അടുത്തതായി നോട്ടീസ് ലഭിക്കുന്നതു തനിക്കായിരിക്കുമെന്ന് അറിയാമായിരുന്നെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് ലഭിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാളെ പതിനൊന്നു മണിക്ക് ഹാജരാകാനാണു സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി ഉത്തരവിട്ടിട്ടുണ്ടെങ്കിൽ, അത് അനുസരിക്കാതെയിരിക്കാൻ സിബിഐക്ക് എങ്ങനെ കഴിയുമെന്നും കെജ്‌രിവാൾ ചോദിച്ചു. ബിജെപിയുടെ ഉത്തരവുകളാണ് ഇഡിയും സിബിഐയും അനുസരിക്കുന്നത്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.
സിബിഐയും ഇഡിയും കോടതിക്കു മുമ്പിൽ പോലും നുണകളാണു പറയുന്നത്. കള്ളത്തെളിവുകൾ ഉണ്ടാക്കുകയാണ്. സിസോദിയ തെളിവുകൾ നശിപ്പിക്കുന്നതിന്‍റെ ഭാഗമായി പതിനാലു ഫോണുകൾ നശിപ്പിച്ചെന്നു വരെ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കെജ്രിവാൾ പറഞ്ഞു. സിബിഐ നോട്ടിസ് ലഭിച്ചതിനു ശേഷമുള്ള കെജ്‌രിവാളിന്‍റെ ആദ്യ പ്രതികരണമായിരുന്നു ഇത്.
ജനങ്ങൾക്കു പ്രതീക്ഷ നൽകിയ പാർട്ടിയാണ് ആം ആദ്മി പാർട്ടി. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയും, ദാരിദ്ര്യത്തെ തുടച്ചു നീക്കുന്നതിനു മുൻഗണന നൽകിയും പ്രവർത്തിക്കുകയാണ് ആം ആദ്മി പാർട്ടി. ഈ ലക്ഷ്യത്തെ അട്ടിമറിക്കാനാണു നീക്കം, കെജ്‌രിവാൾ പറഞ്ഞു.