
തൊടുപുഴ: ദീർഘകാലമായി സി പി ഐ എമ്മിന്റേയും പാർട്ടിക്കുള്ളിലെ വിവിധ സംഘടനകളുടെയും ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന അഡ്വ സുരേഷ് കുമാർ ജി. വേണാൽകുടിയിൽ, സി പി ഐ എമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് ബി ജെ പി യിൽ ചേർന്നു.
ഇന്ത്യയിൽ സി പി ഐ എം ലക്ഷ്യം വക്കുന്ന ജനകീയ ജനാധിപത്യം പൂർത്തീകരിച്ച് സോഷ്യലിസം സ്ഥാപിക്കുക എന്ന വിപ്ലവ തന്ത്രം നടപ്പാക്കാൻ കഴിയുന്ന കാര്യമല്ലെന്നും, തിരുയുടേയും പശ്ചിമബംഗാളിന്റേയും അവസ്ഥയിലേക്ക് കേരളവും മാറിക്കൊണ്ടിരിക്കകയാണെന്നും, സി പി ഐ എം പാർട്ടി കോൺഗ്രസിൽ അംഗീകരിക്കുന്ന അടവു നയങ്ങൾ ഇന്ത്യയിൽ പാളിപോകുകയാണെന്നും ജി. വേണാൽകുടിയിൽ വ്യക്തമാക്കി. ആത്മാഭിമാനമുള്ളവർക്ക് പ്രവർത്തിക്കാൻ കഴിയാത്തവിധം കേരളത്തിലെ എൽ ഡി എഫ് ഭരണവും പാർട്ടിയും മാറിക്കഴിഞ്ഞുവെന്നും, കേരളത്തിലെ സാധാരണ പാർട്ടി പ്രവർത്തകരും അനുഭാവികളും സി പി ഐ എം ന്റെ മൂല്യച്ചുതിയിൽ കടുത്ത അസംതൃപ്തരാണെന്നും ബിജെപിയിലേക്ക് മാറാൻ ഉണ്ടായ കാരണമായി പറയുന്നത്.
ലോകത്താകെ കടുത്ത സാമ്പത്തിക പ്രതിസന്ധി വികസിത രാജ്യങ്ങളെപ്പോലും പ്രതിസന്ധിയിലാക്കുമ്പോൾ ബിജെപിയുടെ ഭരണത്തിൻ കീഴിലുള്ള ഇന്ത്യ അതിനെ അതിജീവിച്ച് മുന്നോട്ട് പോകുന്നതു കൊണ്ടും, ലോകത്താകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ട സാഹചര്യവുമായതിനാൽ സി പി ഐ എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് ബി ജെ പിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടാമത്തെ വയസ്സിൽ ബാലം സംഘം ഏലപ്പാറ ഏരിയ ജോ. സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ച സുരേഷ് കുമാർ എസ് എഫ് ഐ ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം, തൊടുപുഴ ന്യൂമാൻ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഡി.വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ്, ഇടുക്കി ജില്ലാ കമ്മറ്റി അംഗം, കർഷക സംഘം കരിമണ്ണൂർ ഏരിയ സെക്രട്ടറി, കർഷക സംഘം കരിമണ്ണൂർ ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം, ലോയേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റി അംഗം, സി പി ഐ എം ന്റെ മുള്ളരിങ്ങാട് ലോക്കൽ സെക്രട്ടറി, സി പി ഐ എം ന്റെ വണ്ണപ്പുറം ലോക്കൽ സെക്രട്ടറി, സി പി ഐ എം കരിമണ്ണൂർ ഏരിയ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അഡ്വ. സുരേഷ്കുമാർ ജി യോടൊപ്പം ബിജെപി മധ്യമേഖലാ പ്രഡിഡന്റ് എൻ ഹരി, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി, മധ്യമേഖലാ ജനറൽ സെക്രട്ടറി ബിനു ജെ കൈമൾ, മണ്ഡലം ജന. സെക്രട്ടറിമാരായ എൻ കെ അബു, റ്റി കെ സനിൽകുമാർ, രാജേഷ് കല്ലേപ്പിള്ളിൽ, പി എസ് ബാബു എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ അടുത്ത മാസം വണ്ണപ്പുറത്ത് 2500 പേർ അണിനിരക്കുന്ന പ്രകടനവും പൊതു സമ്മേളനവും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുന്നതായും അറിയിച്ചു