Timely news thodupuzha

logo

അദാലത്തുകളിൽ നിന്ന് ആളുകൾ സന്തോഷത്തോടെ മടങ്ങുന്നു; മന്ത്രി റോഷി അഗസ്റ്റിൻ

ഉടുമ്പൻചോല: കാലങ്ങളായി പരിഹരിക്കാൻ കഴിയാതിരുന്ന വ്യക്തികളുടെ പ്രശ്‌നങ്ങൾക്ക് കൂട്ടായ ആലോചനകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് അദാലത്തുകളിലൂടെ സർക്കാർ നടത്തുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകളിലെ ഉടുമ്പൻചോല താലൂക്ക് അദാലത്ത് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അദാലത്തുകളിൽ നിന്ന് ആളുകൾ സന്തോഷത്തോടെ മടങ്ങുന്ന കാഴ്ചയാണ് ജില്ലയിലെ കഴിഞ്ഞ മൂന്ന് അദാലത്തുകളിലും കാണാൻ കഴിഞ്ഞത്. സർക്കാറിനെതിരെ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയരുക സ്വാഭാവികമാണ്. എന്നാൽ സാമൂഹിക നീതിയിലധിഷ്ഠിതമായ ഭരണം സംസ്ഥാനത്ത് ഉറപ്പാക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തെ ഭൗതിക സാഹചര്യങ്ങൾക്ക് വലിയ മാറ്റം തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഓരോ ഘട്ടത്തിലും ജനങ്ങളെ അറിയിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ സഹകരണ – രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യാനന്തരം ഇത്രയും കൃത്യമായി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുന്നോട്ട് പോകുന്ന ഒരു സർക്കാർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഏഴ് കാര്യങ്ങളിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ന് സംസ്ഥാനം.

സുസ്ഥിരഭരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഭവന നിർമാണം, പെൻഷൻ നൽകൽ, സംരംഭകത്വം, പരിസ്ഥിതി സൗഹൃദ സമീപനം എന്നിവയിലെല്ലാം രാജ്യത്തിന് മാതൃകയാണ് കേരളം. അതിദരിദ്രരെ ഇല്ലാതാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനവുമാവുകയാണ് ഇപ്പോൾ കേരളം. ജനപ്രതിനിധികൾ ദാസന്മാരെന്ന ആപ്തവാക്യം അർത്ഥപൂർണമാക്കിയ സർക്കാരാണ് കേരളത്തിലേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ എം.എം മണി എം.എൽ.എ മുഖ്യാതിഥിയായി. കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന വ്യക്തികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദാലത്തുകളിലൂടെ ഊർജിത ശ്രമം നടത്തുന്ന മന്ത്രിമാർ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും അടിയന്തര ശ്രമം നടത്തണമെന്ന് എം.എൽ.എ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിനൊടുവിൽ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം നൽകുന്ന പട്ടയം അടക്കം 16 പേർക്ക് വേദിയിൽ വെച്ച് തന്നെ മന്ത്രിമാർ കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു, ജില്ലാ കളക്ടർ ഷീബ ജോർജ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജു വർഗീസ്, തിലോത്തമ സോമൻ, എസ് മോഹനൻ, സുമ ബിജു, സതി കുഞ്ഞുമോൻ, ലേഖ ത്യാഗരാജൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചൻ നീർണാംകുന്നേൽ, ഉഷാകുമാരി മോഹൻകുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാരായ മനോജ് കെ, ദീപ കെ. പി, ജോളി ജോസഫ് എന്നിവർ പങ്കെടുത്തു.

രാവിലെ 10ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മന്ത്രി വാസവന്റെ നേതൃത്വത്തിൽ അദാലത്തിലെ പരാതികൾ കേട്ടു തുടങ്ങിയിരുന്നു. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനാണ് ‘കരുതലും കൈത്താങ്ങും’ അദാലത്ത് നടത്തുന്നത്. ജില്ലയിലെ അദാലത്തുകളിൽ അവസാനത്തേതായ ഇടുക്കി താലൂക്ക് അദാലത്ത് മെയ് 24ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ നടക്കും.

രാവിലെ 10ന് അദാലത്ത് തുടങ്ങും. മുൻപ് അപേക്ഷ സമർപ്പിച്ചവർക്ക് പുറമെ പുതുതായി എത്തുന്ന അപേക്ഷകർക്കും പരാതികൾ നൽകാനുള്ള സൗകര്യം അദാലത്ത് വേദിയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥർ അദാലത്ത് വേദിയിലുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *