Timely news thodupuzha

logo

അരിക്കൊമ്പനായി പുതിയ സ്ഥലം തേടി വനം വകുപ്പ്‌

തിരുവനന്തപുരം: ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി നിർദേശ പ്രകാരം പറമ്പിക്കുളം വനമേഖലയിലേക്ക്‌ അരിക്കൊമ്പനെ മാറ്റാനുള്ള നീക്കത്തിനെതിരെ എതിർപ്പു ശക്തമായതോടെ വനം വകുപ്പ്‌ അധികൃതർ പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ചിന്നക്കനാൽ പ്രദേശത്തിന്‌ സമാനമായ പ്രകൃത്യാന്തരീക്ഷമുള്ളതും 600 ഏക്കർ വിസ്തൃതിയുമുള്ളതുമായ പ്രദേശമായതിനാലാണ്‌ വിദഗ്ധസമിതി പറമ്പിക്കുളം നിർദേശിച്ചത്‌. ഒട്ടേറെ ആനകളുടെ വാസപ്രദേശവുമാണിത്‌.

കോടതി തന്നെയാണ്‌ അമിക്കസ്‌ക്യൂറിയെ ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപീകരിച്ചത്‌. എന്നാൽ, സെറ്റിൽമെന്റ്‌ അടക്കം ജനവാസ മേഖലകൾ ഉള്ളതിനാൽ പ്രതിഷേധം കനക്കുകയായിരുന്നു. ഇപ്പോൾ ശാന്തമായ പറമ്പിക്കുളത്തെ അന്തരീക്ഷം അരിക്കൊമ്പനെത്തുന്നതോടെ കലുഷിതമാകുമെന്നാണ്‌ ഭീതി. ചിന്നക്കനാൽ, ശാന്തമ്പാറ പ്രദേശത്ത്‌ ജനജീവിതം ദുസഹമാക്കുന്ന വിധത്തിൽ ആനയുടെ ആക്രമണമുണ്ടാകുന്ന ആശങ്കയാണ്‌ സർക്കാരിനെ സമ്മർദത്തിലാക്കുന്നത്‌.

കേരളത്തിലെ മറ്റേത്‌ വനമേഖലയെടുത്താലും പറമ്പിക്കുളത്തേതിന്‌ സമാന പ്രതിഷേധങ്ങൾ ഉടലെടുത്തേക്കും. തേക്കടിയോ മതികെട്ടാനോ അഗസ്ത്യാർകൂടമോ ഏത്‌ വനത്തിലായാലും അകത്തും സമീപത്തും ജനവാസമേഖലകളുണ്ട്‌. തമിഴ്‌നാട്‌ വനംവകുപ്പ്‌ പിടികൂടി റേഡിയോകോളർ ഘടിപ്പിച്ച്‌ ഉൾക്കാട്ടിൽ വിട്ട പിഎം–2 കേരളത്തിലെ ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒടുവിൽ അതിനെ പിടികൂടേണ്ടിവന്നു. കുങ്കിയാനയാക്കുന്നതിനോടാണ്‌ വിയോജിപ്പെങ്കിൽ കോട്ടൂർ പോലെ വിശാലമായ വനമേഖലയുള്ള സ്ഥലങ്ങളിൽ പരിപാലിക്കുന്നത്‌ പരിഗണിച്ചുകൂടെയെന്ന ചോദ്യവും ഉയരുന്നുണ്ട്‌.

കോട്ടൂരിൽ ഇരുനൂറിനടുത്ത്‌ ഹെക്ടർ വനമേഖലയാണ്‌ ആനപരിപാലനത്തിനുള്ളത്‌. വന്യമൃഗ–-മനുഷ്യ സംഘർഷം ലഘൂകരിക്കാൻ മൃഗങ്ങളെ കൂട്ടിലാക്കുകയെന്ന പരിഹാരം ശാശ്വതമല്ലയെന്ന കോടതികളുടെ നിരീക്ഷണം വസ്തുതാപരമാണ്‌. പക്ഷെ, ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തേണ്ട സർക്കാരിന്റെ മുന്നിൽ മറ്റുവഴികൾ ഇല്ലാതാകുമ്പോഴാണ്‌ അവയെ പിടികൂടേണ്ടി വരുന്നത്‌. ശാശ്വതപരിഹാരത്തിനാവശ്യമായ ദീർഘകാല പദ്ധതികൾ സർക്കാർ തന്നെ നടപ്പാക്കുകയാണെങ്കിലും അടിയന്തര പ്രശ്നങ്ങൾക്ക്‌ മാർഗങ്ങൾ കണ്ടെത്തിയേ മതിയാകുവെന്നും വിദഗ്ധർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *