Timely news thodupuzha

logo

അരിക്കൊമ്പൻ മേഘമലയിൽ; നിരീക്ഷണം ശക്തമാക്കും

കുമളി: അരിക്കൊമ്പൻ തമിഴ്നാടിന്റെ മേഘമല വനമേഖലയിൽ നിലയുറപ്പിച്ചതോടെ നിരീക്ഷണം ശക്തമാക്കാൻ തേനി കളക്ടർ ആർ.വി.ഷജീവന് നിർദേശം നൽകി. 30ന് പുലർച്ചെ അഞ്ചിന്‌ പെരിയാർ കടുവാസങ്കേതത്തിന് കീഴിലുള്ള മുല്ലക്കുടിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ മെയ് ഒന്നിന് രാവിലെ ആറിന്‌ തേനി ഉത്തമപാളയം ശ്രീവില്ലിപുത്തൂർ മേഘമല ടൈഗർ റിസർവിലെ ഗൂഡല്ലൂർ റേഞ്ചിൽ ഉൾപ്പെട്ട വനമേഖലയിൽ പ്രവേശിച്ചിരുന്നു.

വനമേഖലയിൽനിന്ന്‌ കാട്ടാന എത്തിയാൽ തുരത്തുന്നതിനും സുരക്ഷയുടെ ഭാഗമായും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദേശത്തെ തുടർന്ന് 20 പൊലീസുകാരെ വീതം തെൻ പഴനി ചെക്ക് പോസ്റ്റിന് സമീപം പത്താം വളവിലും മേഘമല ഹൈവേയ്സ് അണക്കെട്ട്‌ പ്രദേശത്തും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പന്റെ സാന്നിധ്യം മൂലം രണ്ടുദിവസമായി മേഘമല വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം അടച്ചിരിക്കുകയാണ്.

അരിക്കൊമ്പന്റെ നീക്കങ്ങൾ പെരിയാർ ടൈഗർ റിസർവ് (ഈസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടർ നിരീക്ഷിക്കുന്നുണ്ട്‌. കൂടാതെ, ഒരു വിഎച്ച്എഫ് റിസീവർ തമിഴ്നാട് വനംവകുപ്പ് അധികൃതർക്ക് ലഭ്യമായിട്ടുണ്ട്. ഇതിൽ ലഭിക്കുന്ന സിഗ്നൽപ്രകാരം ആനയുടെ ലൊക്കേഷൻ കൃത്യമായി നിരീക്ഷിക്കാം.

കൂടല്ലൂർ, കമ്പം (കിഴക്ക്), ചിന്നമന്നൂർ റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ച് ആനയുടെ നീക്കം രാവും പകലും നിരീക്ഷിക്കുന്നുണ്ട്‌. രാത്രികാലങ്ങളിൽ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും ഇതുമായി ബന്ധപ്പെട്ട തേനി ജില്ലാ ഭരണവും വനംവകുപ്പും നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും കലക്ടർ ആർ വി ഷജീവന അഭ്യർഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *