അഷ്റഫ് വട്ടപ്പാറക്ക് യൂസഫലി കേച്ചേരി മാധ്യമ പുരസ്കാരം
കൊച്ചി: മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് യൂസഫലി കേച്ചേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ‘മാധ്യമം’ ചീഫ് സബ് എഡിറ്റർ അഷ്റഫ് വട്ടപ്പാറക്ക്. ഇരുപത്തി അയ്യായിരം രൂപയും ശിൽപ്പവും പ്രശംസാപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. മാധ്യമ നിരൂപകൻ എൻ.എം. പിയേഴ്സൺ, ഡോ.പോൾ തേലക്കാട്ട്, കവി ബക്കർ മേത്തല എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തനരംഗത്തുള്ള അഷ്റഫ് വട്ടപ്പാറ പരിസ്ഥിതി – ആദിവാസി- സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളതെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
നിലവിൽ ‘മാധ്യമം’ ആലപ്പുഴ ബ്യൂറോ ചീഫാണ്. സ്റ്റേറ്റ്സ്മാൻ അവാർഡ്, സംസ്ഥാന സർക്കാരിന്റെ ഡോ. അംബേദ്ക്കർ അവാർഡ്, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ജി.വേണുഗോപാൽ അവാർഡ്, മുംബൈ പ്രസ്സ് ക്ലബ്ബിന്റെ റെഡ് ഇൻക് മീഡിയ അവാർഡ്, ലാഡ് ലി മീഡിയ അവാർഡ്, എസ്.ബി.ടി മാധ്യമ പുരസ്കാരം, കേന്ദ്ര ദലിത് സാഹിത്യ അക്കാദമി അവാർഡ്, തൃശ്ശൂർ പ്രസ് ക്ലബ്ബിന്റെ ടി.വി.അച്ചുത വാര്യർ അവാർഡ് കേരള ജൈവ വൈവിധ്യ ബോർഡ് സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിവയടക്കം ലഭിച്ചിട്ടുണ്ട്.
വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ പരേതനായ വട്ടപ്പാറ ഖാദർ മക്കാറിന്റെയും സൈനബയുടേയും മകനാണ് അഷ്റഫ്. അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ സൈനയാണ് ഭാര്യ. അർഷക് ബിൻ, അമർ ബിൻ, അംന ബിന്ദ് എന്നിവർ മക്കളാണ്. നവംബർ ഒന്നിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുരസ്കാര സമർപ്പണം നടത്തുമെന്ന് യൂസഫലി കേച്ചേരി ഫൗണ്ടേഷൻ ചെയർമാൻ സലീം പുന്നിലത്ത് വൈസ് ചെയർ പേഴ്സൺ ഡോ. പ്രേമ ജി.പിഷാരടി, സെക്രട്ടറി രാധാകൃഷ്ണൻ ചേലക്കാട്ട് എന്നിവർ അറിയിച്ചു.
അഷ്റഫ് വട്ടപ്പാറക്ക് യൂസഫലി കേച്ചേരി മാധ്യമ പുരസ്കാരം
