Timely news thodupuzha

logo

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക്‌

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ജൈത്രയാത്ര തുടരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും കഠിനമേറിയ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാംവട്ടവും സിറ്റിക്ക്‌ എതിരാളിയില്ല. മൂന്ന് മത്സരം ബാക്കിനിൽക്കെ കിരീടം നിലനിർത്തി. രണ്ടാമതുള്ള അഴ്‌സണൽ, തരംതാഴ്‌ത്തൽ ഭീഷണിയിലുണ്ടായിരുന്ന നോട്ടിങ്‌ഹാം ഫോറസ്റ്റിനോട്‌ ഒരു ഗോളിന്‌ തോറ്റതോടെയാണ്‌ കളിക്കിറങ്ങും മുമ്പെ സിറ്റി ചാമ്പ്യൻമാരായത്‌. അവസാന ആറ്‌ സീസണിലെ അഞ്ചാം കിരീടം.

ആകെ ശേഖരത്തിൽ ഒമ്പതെണ്ണമായി. സ്‌പാനിഷ്‌ ചാണക്യൻ പെപ്‌ ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ ഒരുപിടി മികച്ച താരങ്ങൾ അതേപടി കളത്തിൽ ആവിഷ്‌കരിച്ചപ്പോൾ സിറ്റിയെ വെല്ലാൻ ആരുമില്ലാതായി. ഇത്തവണ മൂന്ന്‌ കിരീടമാണ്‌ ലക്ഷ്യം. ചാമ്പ്യൻസ്‌ ലീഗിലും എഫ്‌എ കപ്പിലും ഫൈനലിലുണ്ട്‌. സീസണിന്റെ അവസാനഘട്ടംവരെ അഴ്‌സണലിനുപിറകിലായിരുന്നു സിറ്റി. 248 ദിവസം പീരങ്കിപ്പട ഒന്നാംസ്ഥാനത്ത്‌ തുടർന്നു.

ഏപ്രിൽ ആദ്യവാരം എട്ട്‌ പോയിന്റിന്‌ പിറകിലായിരുന്നു സിറ്റി. എതിരാളിയെക്കാൾ ഒരു മത്സരം അധികം കളിക്കുകയും ചെയ്‌തു. എന്നാൽ, സമ്മർദങ്ങളിൽ പതറാതെ അവർ മുന്നേറി. തുടർച്ചയായി 11 കളി ജയിച്ചു. അവസാന 14 കളിയിൽ 40 പോയിന്റ്‌ നേടി. ആകെ 36 കളിയിൽ 28ലും ജയിച്ചു. നാലുവീതം സമനിലയും തോൽവിയുമുണ്ട്‌. 93 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌. വഴങ്ങിയത്‌ 31. ബൊറൂസിയ ഡോർട്ട്‌മുണ്ടിൽ നിന്നെത്തിച്ച മുന്നേറ്റക്കാരൻ എർലിങ്‌ ഹാലണ്ടാണ്‌ സിറ്റിയുടെ മുന്നേറ്റത്തിന്‌ കരുത്തുപകർന്നത്‌. 48 കളിയിൽ ആകെ 52 ഗോളാണ്‌ ഇരുപത്തിരണ്ടുകാരൻ നേടിയത്‌. ലീഗിൽമാത്രം ഇതുവരെയും 36 എണ്ണം.

ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ച എക്കാലത്തെയും താരമായി. 33 കളിയിൽനിന്നാണ്‌ നോർവെക്കാരന്റെ നേട്ടം. മധ്യനിരയിൽ പതിവുപോലെ ബൽജിയംകാരൻ കെവിൻ ഡി ബ്രയ്‌നായിരുന്നു പട നയിച്ചത്‌. ലീഗിൽ ഏറ്റവും കൂടുതൽ ഗോളിന്‌ അവസരമൊരുക്കിയത്‌ ഡി ബ്രയ്‌നാണ്‌, 16 എണ്ണം. റിയാദ്‌ മഹ്‌റെസും ഇകായ്‌ ഗുൺഡോവനും ബെർണാഡോ സിൽവയും കൂടിച്ചേർന്ന മധ്യനിരയാണ്‌ നിർണായകമായത്‌.

ഡിഫൻസീവ്‌ മിഡ്‌ഫീൽഡറുടെ വേഷം റോഡ്രിയും നന്നായി ചെയ്‌തു. പ്രതിരോധത്തിൽ കൈൽ വാൾക്കറും നതാൻ അകെയും റൂബെൻ ഡയസും ജോൺ സ്‌റ്റോൺസുമെല്ലാം തിളങ്ങി. കിരീടനേട്ടത്തിനുശേഷമുള്ള ആദ്യ കളിയിൽ ചെൽസിയെ 1–0ന് തോൽപ്പിച്ചു.

പ്രീമിയർ ലീഗ് ഹാട്രിക്കിൽ അഞ്ചാമത്‌ – ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഹാട്രിക്‌ കിരീടം നേടുന്ന അഞ്ചാമത്തെ ടീമാണ്‌ മാഞ്ചസ്റ്റർ സിറ്റി. ഹഡേഴ്‌സ്‌ഫീൽഡ്‌ ടൗണാണ്‌ ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്‌. 1924 മുതൽ 1926 വരെ ഹഡേഴ്‌സ്‌ഫീൽഡ്‌ ഇംഗ്ലണ്ടിന്റെ ചാമ്പ്യൻമാരായി.

അഴ്സണലും(1933–-35), ലിവർപൂളും(1982-–-84) ഈ പാത പിന്തുടർന്നു. മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ രണ്ടുവട്ടം ഹാട്രിക്‌ ചൂടിയ ഏക ക്ലബ്. അലെക്‌സ്‌ ഫെർഗൂസനുകീഴിൽ 1999 മുതൽ 2001 വരെയും 2007 മുതൽ 2009 വരെയും യുണൈറ്റഡ്‌ പ്രീമിയർ ലീഗ്‌ നേടി. സിറ്റി പരിശീലകൻ ഗ്വാർഡിയോള യൂറോപ്പിൽ മൂന്ന്‌ ലീഗുകളിൽ ഹാട്രിക്‌ ട്രോഫി നേടുന്ന ആദ്യ കോച്ചാണ്‌.

സ്‌പാനിഷ്‌ ലീഗിൽ ബാഴ്‌സലോണയ്‌ക്കൊപ്പവും(2009–-11), ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിനൊപ്പവും(2014-–-16) കിരീടമുയർത്തി. ഇത്തവണ മൂന്ന് കിരീടം നേടിയാൽ ഒരു സീസണിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബ്ബാകും. 1999ൽ യുണെെറ്റഡ് മൂന്ന് ട്രോഫികൾ നേടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *