Timely news thodupuzha

logo

ഇപ്പോൾ വ്യാപിക്കുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്‌ധർ

കോഴിക്കോട്: കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ. ലാബ് പരിശോധനകൾ പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഭൂരിപക്ഷം പേരും വാക്സിനേഷൻ നടത്തിയതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്‌.

അതിനാലാണ്‌ രോഗികളിൽ ഗുരുതര പ്രശ്ന‌ങ്ങളില്ലാതെ വന്നുപോകുന്നതെന്ന്‌ ജനറൽ മെഡിസിൻ മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. കെ ജി സജീത്ത് കുമാർ പറഞ്ഞു. അർബുദംപോലുള്ള രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവർക്കും പ്രായം ചെന്നവർക്കും പ്രതിരോധശേഷി കുറവായിരിക്കും.

അത്തരക്കാരിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മരണപ്പെടുന്നതും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. അതിനാൽ രോഗം വരാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണം. ഇവരുമായി ഇടപഴകുന്നവർ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. ആശുപത്രികളിൽ രോഗീ സന്ദർശനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വർധനയുണ്ടെങ്കിലും ഗുരുതരാവസ്ഥയിലെത്തുന്നവർ കുറവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ദിനേശൻ അറിയിച്ചു. ജില്ലയിൽ 876 പേരാണ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത്. മറ്റ് അസുഖങ്ങൾക്കൊപ്പം കോവിഡ് ബാധിച്ച 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്‌.

മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്‌. കോവിഡ് മുൻകരുതലിന്റെ ഭാഗമായി ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും വാർഡുകൾ, ഐസിയുകൾ എന്നിവ മാറ്റിവച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സിക്കേണ്ടവർ താരതമ്യേന കുറവാണ്. കാറ്റഗറി മൂന്നിൽ പെടുന്നവരെ മാത്രമാണ്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ബുധനാഴ്ച 542 പേർക്ക് കോവിഡ് പരിശോധന നടത്തി. ഇതിൽ 169 പേരാണ് പോസിറ്റീവായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.5. ഗവ. ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും 83 പേരും സ്വകാര്യ ആശുപത്രികളിൽ 459 പേരുമാണ്‌ പരിശോധനക്ക്‌ വിധേയരായത്.

Leave a Comment

Your email address will not be published. Required fields are marked *