തിരുവനന്തപുരം: ലോകായുക്തക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹർജിക്കാരനെതിരെ ലോകായുക്ത നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യമാണെന്നും ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമർശമെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ വ്യക്തമാക്കി. ലോകായുക്തയിൽ ചെല്ലുന്നവരെ പേപ്പട്ടിയെന്ന് വിളിക്കാൻ ഒരു അവകാശവുമില്ല. ഹർജിക്കാരന്റെ വിശ്വാസതയല്ലേ ഈ പ്രസ്താവനയോടെ തകർന്നത്?

വിധിയെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്തിനാണ് ഒന്നര പേജ് ജഡ്ജ്മെന്റിന് ഒരു കൊല്ലം കാത്തിരുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. കഴിഞ്ഞ ദിവസം ലോകായുക്ത പരാതിക്കാരനെതിരെ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായാണ് സതീശൻ രംഗത്തെത്തിയിരിക്കുന്നത്.

സർക്കാർ കെട്ടിട പെർമിറ്റ് ഫീസും പുതിയ വീടുകൾക്കുള്ള നികുതിയും കൂട്ടിയത് കൊള്ളയാണ്. അന്യായമായ വർദ്ധന ശരിയല്ല. ജനങ്ങളെ മത്സരിച്ച് പ്രയാസപ്പെടുത്താൻ പരിശ്രമിക്കുകയാണ് സർക്കാർ. ഏപ്രിൽ 26ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.