ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയിൽ. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസുമായി തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യ അപേക്ഷ നൽകിയിരിക്കുന്നത്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നും സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണെന്നും എന്നാൽ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്നും ശിവശങ്കർ ജാമ്യ ഹർജിയിൽ പറയുന്നു. ഹൈക്കോടതിയിൽ നിന്നും നിരവധി തവണ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കറിന്‍റെ പുതിയ നീക്കം.

കേസിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം നൽകരുതെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു, ഇത് കോടതി അംഗീകരിക്കുകയായിരുന്നു. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. അഭിഭാഷകരായ മനു ശ്രീനാഥ്, സെൽവിൻ രാജ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.