Timely news thodupuzha

logo

ഐടി പഠന സാധ്യതകള്‍; കൈറ്റ് ഇടുക്കി ജില്ലാതല ശില്പശാല നടത്തി

പൊതു വിദ്യാലയങ്ങളിലെ ഐടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് പുതിയപദ്ധതി പദ്ധതി രൂപീകരിക്കുന്നതിനുള്ള സ്കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതല ആശയരൂപീകരണ ശില്പശാല കൈറ്റ് ഇടുക്കി ജില്ലാകേന്ദ്രത്തില്‍ വച്ച് നടന്നു. ശില്പശാല കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പ്രവർത്തനാസൂത്രണത്തിന്റെ ഭാഗമായി ഐടി അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട മേഖലകളെ സംബന്ധിച്ച് ഓണ്‍ലൈനായി മുഴുവന്‍ സ്കൂള്‍ ഐടി കോർഡിനേറ്റർമാരില്‍ നിന്നും അഭിപ്രായ ശേഖരണം നടത്തിയിരുന്നു.

ഐ ടി പഠനം, ഐ ടി പരീക്ഷ, ഐ ടി പാഠപുസ്തകം, ഹാർഡ്‍വെയർ ലഭ്യത-പരിപാലനം, ഐ ടി ഓഡിറ്റ്, സമഗ്ര, സഹിതം, സമ്പൂർണ പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, ലിറ്റിൽ കൈറ്റ്സ്, അധ്യാപക പരിശീലനം, സ്കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശാക്തീകരണ പരിപാടികള്‍, കൂൾ അധിഷ്ഠിത കോഴ്സുകൾ, വിക്ടേഴ്സ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍, സ്കൂൾ വിക്കി, ഐ ടി മേള തുടങ്ങിയ മേഖലകളെ സംബന്ധിച്ചായിരുന്നു അധ്യാപകരില്‍ നിന്നും വിവര ശേഖരണം നടത്തിയത്. ശില്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 18 -ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശില്പശാലയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ വാര്‍ഷിക അവലോകന യോഗത്തിന്റെ ഭാഗമായി അടുത്ത വർഷം മുതലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *