കോഴിക്കോട്: കരിപ്പൂരില്‍ നിന്നും 70 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. അബുദാബിയിൽനിന്നും എയർ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ മലപ്പുറം കൂട്ടായി സ്വദേശി തോടത്ത് സാദിക്കി(40)ൽ നിന്നുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1293 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്.

ശരീരത്തിനുള്ളിൽ നാലു ക്യാപ്‌സ്യൂളുകളായി ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. പിടികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം പ്രതിഫലമായി 65000 രൂപയാണ് വാഗ്ദാനം ചെയ്‌തിരുന്നതെന്ന് സാദിക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.