
കരിമണ്ണൂര്‍: അനിയന്ത്രിതമായി കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് 14 ശനി, ജനുവരി 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു
ചില കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ പ്രതിഫലം നല്കി അവര്‍ വഴി അനുബന്ധ ഡിപ്പാര്‍ട്ട്മെന്റുകള്‍ വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങള്‍ മാത്രം സ്ഥിതീകരിച്ച് രേഖകള്‍ തയ്യാറാക്കി ക്വാറി മാഫിയക്ക് നല്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കരിമണ്ണൂര്‍ പഞ്ചായത്ത് 30.08.2022ല്‍ ക്വാറി വിഷയത്തില്‍ സംസ്ഥാനത്ത് അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ദ്ധയായ ഡോ. കെ.ജി. താരയെ നിയോഗിച്ച് പഠനം നടത്താനും ശേഷം അതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്കുവാനും ഐക്യകണ്ഡേന തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ പഠന റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ 30.11.2022ല്‍ വീണ്ടും കമ്മിറ്റി കൂടി പഞ്ചായത്ത് അനുമതി നല്‍കിയതില്‍ സംശയം ജനങ്ങള്‍ക്ക് ഉളവാകുന്നു. പഠനറിപ്പോര്‍ട്ട് പുറത്ത് വരികയും പഞ്ചായത്തില്‍ നിന്നും ലഭ്യമായത് അനുസരിച്ച് ഈ റിപ്പോര്‍ട്ടില്‍ വലിയ പാരിസ്ഥിതീകാഘാതവും കുടിവെള്ള ക്ഷാമവുമാണ് കരിമണ്ണൂര്‍ മേഖലയില്‍ സംഭവിക്കാനായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നൂറുവര്‍ഷങ്ങളായി തോട്ടഭൂമിയായ സ്ഥലത്ത് 16 അടി മണ്ണ് പരിപൂര്‍ണ്ണമായി മാറ്റി അവാന്തര ഘനനം നടത്താന്‍ അനുമതി കൊടുത്ത മുളപ്പുറം പാറമടയും, 19 ലക്ഷം മെട്രിക് ടണ്‍ 13 വര്‍ഷത്തേയ്ക്ക് 95 മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തുന്നതിന് അനുമതിയുടെ അന്തിമഘട്ടത്തില്‍ നില്ക്കുന്ന ചേറാടി പാറമടയും തുറന്നു കഴിഞ്ഞാല്‍ കരിമണ്ണൂരില്‍ നിന്ന് ജനം പാലായനം ചെയ്യേണ്ടിവരുമെന്ന കാര്യത്തിലും സംശയമില്ല.
ഇടുക്കി ജില്ലയില്‍ ഭാവിയില്‍ കുടിവെള്ള ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പഞ്ചായത്തുകൡ പ്രമുഖ സ്ഥാനത്താണ് കരിമണ്ണൂര്‍. ക്വാറി മാഫിയ എതിര് നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും അനുമതി പത്രങ്ങളെ കാറ്റില്‍ പറത്തി ബഞ്ച്മാര്‍ക്ക് വിട്ട് ഖനനം ചെയ്യുന്നതും നിത്യസംഭവമാണ്. അന്തരീക്ഷ മലിനീകരണവും, പുഴ, തോട്, കുടിവെള്ള ശ്രോതസ്സുകളുടെ മലിനീകരണവും വഴി ആളുകളെ രോഗാതുരമാക്കുന്ന ഭീമന് ക്വാറികള്‍ക്കെതിരെ സന്ധിയില്ലാ സമരം ക്വാറി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തും. നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നതായും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതായും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ക്വാറി വിരുദ്ധ സമിതി നാളെ (14.01.2023, ശനി) വൈകുന്നേരം 3.30ന് കരിമണ്ണൂരില്‍ നടത്തുന്ന പ്രതിഷേധ സദസ്സ് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് ശ്രീ. സി.ആര്. നീലകണ്ഠന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് ശ്രീ. ഇ.പി. അനില്‍ മുഖ്യപ്രഭാഷണവും നടത്തും. പത്രസമ്മേളനത്തില്‍ ജിജി അപ്രേം, ബെന്നി മാത്യു, പി.ഒ. കുഞ്ഞപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.