അഗളി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാജസ്ഥാൻ സവായ് മെദപുർ സ്വദേശി വിശാൽ ശ്രീമാലാണ്(25) കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ മരണമടഞ്ഞത്. അട്ടപ്പാടി കേരള അതിർത്തിക്കപ്പുറം ആനക്കട്ടിയിൽ പ്രവർത്തിക്കുന്ന സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റേണൽഷിപ്പിന് എത്തിയതായിരുന്നു.
ആനക്കട്ടി – കോയമ്പത്തൂർ പാതയ്ക്ക് അരികിലാണ് ഈ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ചൊവ്വ രാത്രി ഒൻപതോടെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ആന എടുത്തെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് എത്തിച്ചത്.
പ്രാഥമിക ശ്രുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സക്കായി രാത്രി തന്നെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ പുലർച്ചെ മരണമടഞ്ഞു.