
ന്യൂഡൽഹി: കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. അർജുൻ റാം മേഘ്‌വാളാണ് പകരം മന്ത്രിയാകുക. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. നിലവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ് വാള്‍.
ഇതോടൊപ്പം നിയമവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായി കൂടി അർജുൻ പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച് രാഷ്ട്രപതിഭവൻ ഉത്തരവിറക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് അര്‍ജുന്‍ റാം മേഘ് വാള്‍.ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് പല തരത്തിലുളള വിവാദങ്ങള്‍ കിരണ്‍ റിജിജുവിന്റെ ഭരണകാലത്ത് ഉയര്‍ന്നിരുന്നു.

ജഡ്‌ജി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും കൊളിജീയം രീതിക്കെതിരെയും തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ റിജിജു ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി സഭയിൽ അഴിച്ചുപണി നടത്താതെ തന്നെ റിജിജുവിനെ മാത്രം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. 2021 ജൂലൈയിലാണ് കേന്ദ്ര നിയമമന്ത്രിയായിയായി കിരണ്‍ റിജിജു സ്ഥാനമേല്‍ക്കുന്നത്.