Timely news thodupuzha

logo

കുടുംബമൊന്നാകെ ഗുരുതര രോഗക്കിടക്കയിൽ..സുമനസുകളുടെ സഹായം വേണം

വാഴക്കുളം: ദുരന്തങ്ങൾ ഒന്നൊന്നായി തേടിയെത്തിയപ്പോഴും തളരാതെ സധൈര്യം നേരിട്ട ഹണി ഇപ്പോൾ സുമനസുകളുടെ സഹായം തേടുകയാണ്.

മൂവാറ്റുപുഴ വാഴക്കുളം വടകോട് വലിയ വീട്ടിൽ പറമ്പിൽ ഹണി എന്ന ക്ഷീര കർഷകനാണ് സഹായം അഭ്യർത്ഥിക്കുന്നത്.

ഹണിയുടെ പിതാവ് ജോസ് വർഗീസ് (75), മാതാവ് ആനി (72), പതിനൊന്നു വയസ് പ്രായമുള്ള മകൻ എന്നിവരുടെ  വർഷങ്ങളായി തുടർന്നു വരുന്ന ചികിത്സയ്ക്കായാണ് ഇപ്പോൾ ഹണി കൈ നീട്ടുന്നത്.

പിതാവിന് നട്ടെല്ലിന്റെ കശേരുക്കളിൽ  ദശ വളരുന്ന അസുഖമുണ്ട്.കാലിൽ കാൻസർ ബാധിച്ച് രണ്ട് കാലും മുട്ടിന് താഴെ വച്ച് അടിയന്തരമായി മുറിച്ച് മാറ്റണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുകയാണ്.

മാതാവിന്  ഗർഭപാത്രത്തിലും നെഞ്ചിലും മുഴകളാണ്. ഇതിൽ പഴുപ്പ് ബാധിച്ചതിനാൽ 

മൂത്രത്തിൽ പഴുപ്പ് ഉണ്ട്. പഴുപ്പ് നിയന്ത്രണ വിധേയമാക്കിയ ശേഷം  ഗർഭപാത്രം അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

സ്കൂൾ വിദ്യാർത്ഥികളായ രണ്ട്  ആൺകുട്ടികളിൽ 

ഇളയ മകന് മൂക്കിലൂടെ രക്തം വരുന്ന അസുഖമുണ്ട്. തലയ്ക്കുള്ളിൽ ചെറിയ പരുക്കൾ ഉണ്ടായി പൊട്ടി രക്തം വരുന്ന അസുഖമാണിത്. ഇത് അർബുദമാണോ എന്ന സംശയത്തിലാണ് ഡോക്ടർമാർ.

അഞ്ചു വർഷമായി പിതാവിന് നിരന്തരമായ ആശുപത്രി ചികിത്സ തുടങ്ങിയിട്ട്.രണ്ടു വർഷം കഴിഞ്ഞപ്പോൾ മാതാവും തുടർച്ചയായ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രികളിൽ കയറിയിറങ്ങിത്തുടങ്ങി. ഇരു വരുടേയും ചികിത്സ തുടരുന്നതിനിടയിൽ ഒന്നര വർഷം മുമ്പാണ് മകന് രോഗലക്ഷണം കണ്ടുതുടങ്ങിയത്.

സമയ ബന്ധിതമായ വിദഗ്ദ്ധ പരിശോധനയും ചികിത്സയുമാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുള്ളത്.

ഹണിയും രോഗങ്ങളുടെ പിടിയിലാണിപ്പോൾ.ഹൃദയത്തിൻ്റേയും ശ്വാസകോശത്തിൻ്റേയും സുഗമമായ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ട അവസ്ഥയിലാണ് ഹണിയും.ഇളയ മകനെപ്പോലെ മൂക്കിൽ നിന്ന് രക്തം വരുന്ന അവസ്ഥയും ഹണിയ്ക്കുണ്ട്.

ഇവരുടെ ചികിത്സയ്ക്കും മറ്റു ദൈനംദിന ചെലവുകൾക്കുമായി

മൂന്ന് വർഷം മുമ്പ് ആകെ അവശേഷിച്ചിരുന്ന 26 സെൻറ് സ്ഥലത്തിന്റെ  ആധാരം ഈടുവച്ച് പത്ത് ലക്ഷത്തോളം രൂപ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിരുന്നു.

ക്ഷീര കൃഷി വിപുലപ്പെടുത്തുന്നതിനായി

രണ്ട് ലക്ഷത്തോളം മുടക്കി പശുത്തൊഴുത്ത് പണിതു.

കറവയുണ്ടായിരുന്ന

രണ്ടു പശുക്കൾ രണ്ടു വർഷം മുമ്പ് അസുഖം ബാധിച്ച് ചത്തു.പാൽ വിൽപ്പനയിലൂടെ 

ലഭിച്ചിരുന്ന തുച്ഛമായ ദൈനംദിന വരുമാനവും ഇതോടെ നിലയ്ക്കുകയായിരുന്നു.

കുടുംബത്തിലെ മൂന്നു പേർക്ക് അപ്പപ്പോൾ വേണ്ടി വന്നിരുന്ന ചികിത്സയും മരുന്നും പലപ്പോഴും മുടങ്ങിയത് രോഗാവസ്ഥ തീവ്രമാക്കി.

മൂന്നു വർഷമായ ബാങ്ക് വായ്പയുടെ തിരിച്ചടവ് പ്രതിസന്ധിയിലായി. ഇതോടെ ഈടു വച്ചിരിക്കുന്ന സ്ഥലം ജപ്തിയുടെ നിഴലിലായി.

വയോധികരായ മാതാപിതാക്കളുടേയും മകൻ്റേയും ചികിത്സ,

സ്വന്തം രോഗാവസ്ഥ സംബന്ധിച്ച വിദഗ്ദ്ധ പരിശോധന,

ബാങ്ക് വായ്പ,ദൈനംദിന ചെലവുകൾ എന്നിങ്ങനെ ജീവിതം തിരിച്ചുപിടിക്കാൻ ഹണിക്ക് കടമ്പകളേറെ.

ജീവിതത്തിൻ്റെ പ്രത്യാശയിലേക്ക് കടന്നു വരാൻ സുമനസുകളുടെ നിർലോപമായ സഹായം തേടുകയാണ് 48 കാരനായ ഈ ക്ഷീര കർഷകൻ.

സുമനസുകളുടെ സഹായം സ്വീകരിക്കുന്നതിന്

ഫെഡറൽ ബാങ്ക് വാഴക്കുളം ശാഖയിൽ മഞ്ഞള്ളൂർ പഞ്ചായത്തംഗം ജോസ് മാത്യു കൊട്ടുപ്പിള്ളിൽ,ഹണി ജോസ് എന്നിവരുടെ കൂട്ടായ പേരിൽ

അക്കൗണ്ട് തുറന്നിട്ടുണ്ട്.

14300100102522

ഐഎഫ്എസ് സി : എഫ്ഡിആർഎൽ 0001430.

ഫോൺ:95267 04403.

Leave a Comment

Your email address will not be published. Required fields are marked *