Timely news thodupuzha

logo

കേരളത്തിലെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി

എറണാകുളം: സംസ്ഥാനത്തെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ 885 ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 37.5 ലക്ഷം രൂപ വിനിയോഗിച്ചാണ് മികച്ച സംവിധാനങ്ങളോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമായി വികസിപ്പിച്ചത്.

ഒ.പി വിഭാഗം, കോവിഡ് ഒപി, പോസ്റ്റ് കോവിഡ് ക്ലിനിക് ലാബ്, ഇസിജി, ഫാര്‍മസി, നേത്രപരിചരണം, ദന്തല്‍ സേവനങ്ങള്‍, ഫിസിയോ തെറാപ്പി, ഗര്‍ഭിണികള്‍ക്കുള്ള ചികിത്സ, ജീവിതശൈലീ രോഗ നിര്‍ണയ ക്ലിനിക്, ആസ്ത്മ രോഗികള്‍ക്കായുള്ള പ്രത്യേക ക്ലിനിക്ക്, മാനസികാരോഗ്യ വിഭാഗം, പ്രീ ചെക്കിംഗ് ഏരിയ തുടങ്ങി 23 സേവനങ്ങള്‍ ഇവിടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കാത്തിരിപ്പ് കേന്ദ്രവും ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ വൈകിട്ട് ആറുവരെ മാലിപ്പുറം ആശുപത്രിയില്‍ ഒപി സൗകര്യം ലഭ്യമാകും. നിലവില്‍ ഇത് ഉച്ചയ്ക്ക് രണ്ടു വരെയാണ്. രണ്ടു സിവില്‍ സര്‍ജന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് ഡോക്‌ടര്‍മാരുടെ സേവനം ലഭിക്കും. ചടങ്ങില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രീയരാജ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. എല്‍സി ജോര്‍ജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത സ്റ്റാന്‍ലി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി വാര്യത്ത്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സരിത സനല്‍, എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ് കുമാര്‍, എളങ്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോഫിയ ജോയ്, വാര്‍ഡ് മെമ്പര്‍ തെരേസ വോള്‍ഗ എന്നിവര്‍ സംസാരിച്ചു.

എന്‍.എച്ച്.എം ഡി.പി.എം ഡോ.നിഖിലേഷ് മേനോന്‍, അഡിഷണല്‍ ഡി.എം.ഒ ഡോ.ആശ, മാലിപ്പുറം മെഡിക്കല്‍ ഓഫീസര്‍ ഡോ.സൈന മേരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എച്ച് നൗഷാദ്, എ.പി പ്രിനില്‍, കെ.എല്‍ ദിലീപ്‌കുമാര്‍, എം.എച്ച് റഷീദ്, ടി.എ സിയാദ്, ആന്റണി സജി തുടങ്ങിയവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *