തൊടുപുഴ: മൂന്നു പതിറ്റാണ്ടോളം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ സേവനമനിഷ്ഠിച്ച പ്രശസ്ത ഇംഗ്ലിഷ് പ്രൊഫസർ എം.വി. വർഗീസ് (83) നിര്യാതനായി. വൻ ശിഷ്യ സമ്പത്തിനുടമയായ അദ്ദേഹം കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച അന്തരിച്ചത്. സംസ്‌കാരം തൊടുപുഴയ്ക്കടുത്തുളള നെടിയശാല സെ. മേരീസ് പള്ളിയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 നടക്കും.
1940ൽ ജനിച്ച അദ്ദേഹം 1964ൽ തൃശൂർ സെന്റ്.തോമസ് കോളജിലാണ് ആദ്യം അദ്ധ്യാപകനായി ചേരുന്നത്. അവിടെ മൂന്നു വർഷത്തെ സേവനത്തിനു ശേഷമായിരുന്നു ക്രൈസ്റ്റ് കോളജിലേക്ക് എത്തുന്നത്. നീണ്ട 28 വർഷത്തെ സേവനത്തിനു ശേഷം 1995ലാണ് വിരമിക്കുന്നത്. മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അടക്കം ഓട്ടനവധി പ്രശസ്തർ അദ്ദേഹത്തിന്റെ ശിഷ്യരാണ്.
പാഠപുസ്തകങ്ങൾ തെളിമയോടെ അവതരിപ്പിക്കുന്ന കാര്യത്തിൽ കീർത്തിയുള്ള അദ്ദേഹം, കേരളം കണ്ട ഏറ്റവും മികച്ച ഇംഗ്‌ളിഷ് വ്യാകരണ അദ്ധ്യാപകരിൽ ഒരാളുമായിരുന്നു. തന്റെ 80കളിലേക്കു കടന്ന അദ്ദേഹത്തെ കാണാൻ വിദ്യാർത്ഥികൾ എത്തിയിരുന്നു എന്നതു തന്നെ ഗുരു-ശിഷ്യ ബന്ധത്തിന്റെ ദാർഢ്യം വെളിപ്പെടുത്തുന്നു. വെളുപ്പിനു വരെ പാഠഭാഗങ്ങൾ പഠിച്ച ശേഷം ക്ലാസിലെത്തിയിരുന്ന അദ്ധ്യാപകൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ലക്ചർ കേൾക്കാനായി മറ്റു ക്ലാസുകളിൽ നിന്നും കുട്ടികൾ എത്തിയിരുന്നു എന്നതും അദ്ദേഹത്തിന്റെ മാറ്റ് വ്യക്തമാക്കുന്നു. മുൻ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അടക്കം പലരും അദ്ദേഹത്തോടൊപ്പം ക്രൈസ്റ്റിൽ സ്റ്റാഫ്‌റൂം പങ്കുവച്ചവരിൽ പെടുന്നു. അദ്ധ്യാപനത്തിനു പുറമെ, 1980കളിൽ ഇടുക്കി ജില്ലാ വേളിബോൾ ടീമിന്റെ വളർച്ചയ്ക്കായും പ്രവർത്തിച്ചിരുന്നു.
ഭാര്യ ചിന്നമ്മ വർഗീസ് (പെരുമ്പ്രാൽ). മകൻ ലിയോൺസ് ജോർജ് (ജേണലിസ്റ്റ്), മകൾ ലിസി ജോർജ് (ഐടി പ്രൊഫഷണൽ), മരുമക്കൾ ശ്രീനി വേണുഗോപാൽ (ഐടി പ്രൊഫഷണൽ), ദീപ ജോൺ. കൊച്ചുമക്കൾ ജോർജീന ആൻ ലിയോൺസ്, സിദ്ധാർത്ഥ് വി. ശ്രീനി, സമ്പത്ത് വി. ശ്രീനി.