അടിമാലി: ക്ഷീര കർഷകർക്ക് ഏറേ പ്രയോജനകരമായിരുന്നു ക്ഷീര സ്വാന്തനം ഇൻഷുറൻസ് പദ്ധതി സംസ്ഥാന സർക്കാർ നിർത്തലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സമര പരിപാടികൾ ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റി അസോസിഷൻ. ക്ഷീര കർഷകർ, ക്ഷീരസംഘം ജീവനക്കാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി 2014ൽ ഇടുക്കി ജില്ലയിൽ ആരംഭിക്കുകയും തുടർന്ന് 2017 മുതൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണ് ക്ഷീര സ്വാന്തനം ഇൻഷുറൻസ് പദ്ധതി.

1050 രൂപ അടച്ച് പദ്ധതിയിൽ ചേരാവുന്നതും ഒരു കുടുംബത്തിലെ ഗ്രഹ നാഥൻ, ഗ്രഹ നാഥ എന്നിവർക്ക് പ്രായ പരിധി ഇല്ലാതെയും, രണ്ട് മക്കൾക്ക് 25 വയസ് പ്രായപരിധിയിൽ ഒരു ലക്ഷം ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണ് പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ നിർത്തലാക്കിയത്. കൂടാതെ 1050 രൂപ കൂടി അടയ്ക്കുമ്പോൾ കന്നുകാലികൾക്ക് അൻപതിനായിരം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിച്ചിരുന്നു.
ഇപ്പോൾ 3050 രൂപ അടച്ച് സ്വകാര്യ ഇൻഷുറൻസ് കമ്പിനികളെ ക്ഷീര കർഷകർ ആശ്രയിക്കേണ്ട അവസ്ഥയും സംജാതമായിരിക്കുകയാണ്. വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന പാൽ ഇൻസെന്റീവ് നാൽപതിനായിരത്തിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തുക, എം.എസ്.ഡി പദ്ധതി പുനഃസ്ഥാപിക്കുക, കാലിതീറ്റക്ക് സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ക്ഷീരകർഷകർ സമരത്തിലേക്ക് നീങ്ങുമെന്നും സംഘടന അറിയിച്ചു. തൊടുപുഴയിൽ നടന്ന പത്രസമ്മേളനത്തിൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റി അസോസിഷൻ ജില്ല പ്രസിഡൻ്റ് കെ.പി ബേബി, ഭാരവാഹികളായ തോമസ് ആന്റണി, ബാബു റ്റി.കെ എന്നിവർ പങ്കെടുത്തു.