ബെംഗളൂരു: കർണാടകയിലെ പ്രമുഖ ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷമൺ സാവടി കോൺഗ്രസിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ചാണ് നീക്കം.

കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മൺ സാവടി കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ചനടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി സാവടി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പറഞ്ഞു.

ഇന്നലെയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. അതാനിയിൽ നിന്നും മൂന്നു തവണ വിജയിച്ച് എം.എൽ.എ ആയ ആളാണ് സാവടി. എന്നാൽ ഇത്തവണ അതാനിയിൽ മഹേഷ് കുമത്തല്ലിയാണ് ബി.ജെ.പി സ്ഥാനാർഥി. ഇതാണ് സാവടിയെ ചൊടിപ്പിച്ചത്. സ്ഥാനർഥി പട്ടിക കേന്ദ്ര നേതൃത്വം പുനർപരിശോധിക്കണമെന്നും തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.