തൊടുപുഴ- ഗവര്‍ണറുടെ ജനാധിപത്യ ധ്വംസനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചില മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ കെ ശിവരാമന്‍. ഏകാധിപതികളെ ചവറ്റുകൊട്ടയിലെറിഞ്ഞതാണ് നാടിന്റെ ചരിത്രമെന്ന് ഓര്‍ക്കണമെന്നും ശിവരാമന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമന്‍. പ്രസ് ക്ലബില്‍ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നടത്തിയ പ്രകടനത്തിന് ശേഷമായിരുന്നു യോഗം.
ഇടുക്കി പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് അഫ്‌സല്‍ ഇബ്രാഹിം അധ്യക്ഷനായി. ട്രഷറര്‍ കെ ബി വില്‍സണ്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹാരീസ് മുഹമ്മദ്, വിനോദ് കണ്ണോളി, പി കെ എ ലത്തീഫ്, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ബാസിത് ഹസന്‍, പി പി കബീര്‍ സംസാരിച്ചു.
ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
