Timely news thodupuzha

logo

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മേയ് 18ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

പുതിയ കാലഘട്ടത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിൽ ഓരോ പൗരന്റേയും പങ്കാളിത്തം വളരെ വലുതാണ്. സ്വന്തം ആരോഗ്യവും, പരിസര ശുചിത്വവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വ്യായാമം തുടങ്ങിയ ആരോഗ്യദായക ശീലങ്ങൾ അനുവർത്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെ മാത്രമേ രോഗാതുരത കുറയ്‌ക്കുവാൻ സാധിക്കുകയുള്ളൂ.

ഇത്തരം പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ജനപങ്കാളിത്തം ആവശ്യമാണ്. ഓരോ വ്യക്തിയും ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്‌ടർ ജീവൻ ബാബു, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. കെ ജെ റീന എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *