മുട്ടം: ജില്ലാ ഹോമിയോ ആശുപത്രിയുടെ മുറ്റത്തുള്ള ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ടുകൾക്ക് പരിഹാരമാകുന്നില്ല.ഇതേ തുടർന്ന് ആശുപത്രിയിലേക്ക് വാഹനങ്ങളിലും നടന്നും എത്തുന്ന രോഗികൾക്കും മറ്റുള്ളവർക്കും ഇത് ഏറെ പ്രശങ്ങളാണുണ്ടാക്കുന്നത്.ആശുപത്രിയിലേക്ക് എത്തുന്നതും തിരികെ പോകുന്നതുമായ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ആളുകളുടെ ദേഹത്തേക്ക് ചെളി വെള്ളം തെറിക്കുന്നതിനെ തുടർന്ന് ചിലപ്പോഴൊക്കെ വാക്കേറ്റങ്ങളും പതിവാണ്.മഴ പെയ്‌താണ് മുറ്റത്ത് അഴുക്ക് വെള്ളം കെട്ടികിടക്കുന്നത്. അഴുക്ക് വെള്ളത്തിൽ നിന്നുള്ള കൊതുകിന്റെ ശല്യം കിടപ്പ് രോഗികളേയും കഷ്ടത്തിലാക്കുന്നുണ്ട്.
ആരോഗ്യം-ശുചിത്വം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഏറെ ജാഗ്രത പുലർത്തേണ്ടുന്ന സ്ഥാപനത്തിലാണ് ഇത്തരം കാര്യങ്ങൾ എന്നത് വിരോധാഭാസമാകുന്നതായി ആളുകൾ പറയുന്നു.ഏറെ വർഷങ്ങളായിട്ട് ആശുപത്രിയുടെ മുറ്റത്ത് ഈ അവസ്ഥ തുടരുകയാണ്.ചെറിയ ഒരു കമ്പിന്റെ കഷ്ണം ഉപയോഗിച്ച് പ്രശ്നം നിസാരമായി പരിഹരിക്കാമെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവത്തിലാണ് ആശുപത്രി അധികൃതർ.