കാളിയാർ: മുള്ളൻ കുത്തിയിൽ ട്രാക്ടർ ഗിയർബോക്സിന്റെ പൽചക്രങ്ങൾക്കിടയിൽ കൈ കുടങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി പൊലീസ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. തേനി സ്വദേശി രാജാറാമിന്റെ(53) കൈകളാണ് കുടുങ്ങിയത്. രാവിലെ 7.30നായിരുന്നു സംഭവം. ഗിയർ ബോക്സിന്റെ ഡബിൾ ഗിയർ വീണപ്പോൾ ശരിയാക്കുന്നതിലേക്കായി ഗിയർബോക്സിന്റെ മുകൾഭാഗം അഴിച്ച് കൈ അകത്തേക്ക് കയറ്റിയപ്പോൾ കുടുങ്ങി പോവുകയായിരുന്നു. ഇടതു കൈയാണ് കുടുങ്ങിയത്.

ഒരു മണിക്കൂറോളം ഡ്രൈവറുടെ സഹായിയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വിഫലമായതോടുകൂടി കാളിയാർ പോലീസിനെയും തൊടുപുഴ അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ഇരുകൂട്ടരും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിലൂടെ ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. മെഡിക്കൽ സംഘവും സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷകൾ നൽകി.

സേനയുടെ ഹൈഡ്രോളിക് സ്പ്രഡർ, ടോർച്ച്, കട്ടർ എന്നിവ ഉപയോഗിച്ച് ട്രാക്ടർ മെക്കാനിക്ക്മാരുടെ സഹായത്തോടെ ഗിയർ ഷിഫ്റ്റിങ്ങ് ഷാഫ്റ്റ് കട്ട് ചെയ്താണ് കൈ പുറത്തെടുത്തത്. തുടർന്ന് തൊടുപുഴ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് ആളെ മാറ്റി. ഇടുക്കി ജില്ലാ ഫയർ ഓഫീസർ അഭിലാഷ്ന്റെ നേതൃത്വത്തിൽ തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽസലാം, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അലിയാർ, ഫയർ & സേഫ്റ്റി ഓഫീസർ ഡ്രൈവർ വിജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിബിൻ ഗോപി, ജെയിംസ് നോബിൾ, ജിഷ്ണു എം.പി, ഹോം ഗാർഡ് ബെന്നി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.