മാൻഹട്ടൺ: അമെരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കരോൾ. ട്രംപിനെതിരായ വിചാരണവേളയിലാണു ജീൻ കരോൾ കോടതിയിൽ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. അതേസമയം പണത്തിനു വേണ്ടിയാണു കരോൾ ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നതെന്നു ട്രംപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് കരോൾ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

മാൻഹട്ടനിലെ ബെർഗ്ഡോർഫ് ഗുഡ്മാൻ അപ്പാർട്ട്മെന്റ് സ്റ്റോറിൽ വച്ച് മുപ്പതു വർഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്നാണു കരോളിന്റെ ആരോപണം. അവിടുത്തെ ഡ്രസിങ് റൂമിൽ വച്ച് കടന്നു പിടിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ അപകടപ്പെടുത്തുമെന്നു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും കരോൾ വ്യക്തമാക്കി. എല്ലെ മാഗസിന്റെ അഡ്വൈസ് കോളമിസ്റ്റായിരുന്നു എഴുപത്തൊമ്പതുകാരിയായ ജീൻ കരോൾ.