ന്യൂഡല്‍ഹി: തെരുവ് നായകളെ ഭക്ഷണം നൽകി പോറ്റുന്നവർ അതിൻ്റെ ആക്രമണത്തിൻ്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിൻ്റെ പരാമള്‍ശം.
തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നയാൾ നായയുടെ പുറത്ത് തിരിച്ചറിയൽ അടയാളമോ നമ്പരോ നല്‍കുകയും വാക്സിനേഷന് ഉറപ്പാക്കുകയും വേണം. അയാൾക്ക് വാക്‌സിനേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് കോടതി പറഞ്ഞു. നായ ആരെയെങ്കിലും ആക്രമിച്ചാല്‍ അതിൻ്റെ ചെലവും അയാൾ വഹിക്കണമെന്നും സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.
കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനെ അടിയന്തരമായി പരിഹാരം കാണണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി 28ന് ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു.
അപകടകാരികളായ പട്ടികളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുന്നതല്ലേ നല്ലതെന്നും കോടതി പറഞ്ഞു. പട്ടികടിയേറ്റ് വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പ്രതികരിച്ചു.
സാബു സ്റ്റീഷന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.പേവിഷ വാക്‌സിന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് സാബു സ്റ്റീഫന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.