തൊടുപുഴ: നഗരസഭയിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ താക്കോൽ ദാനച്ചടങ്ങ്, സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമാക്കിയത് വെറും പ്രഹസനമാണെന്ന് യു ഡി എഫ് കൗൺസിലർമാർ ആരോപിച്ചു. വീട് നിർമ്മിച്ച മാസങ്ങൾ കഴിഞ്ഞവർക്കും, നിർമ്മാണം പൂർത്തിയാകാത്തവർക്കും താക്കോൽ നൽകുന്നത് പ്രസിദ്ധിക്ക് വേണ്ടി മാത്രമാണ്.

ഒരു വീടിന് അനുവദിക്കുന്ന നാലു ലക്ഷം രൂപയിൽ രണ്ട് ലക്ഷം രൂപയും നഗരസഭ വായ്പ എടുത്താണ് നൽകുന്നത്. ഈ ആവശ്യത്തിലേക്കായി തൊടുപുഴ നഗരസഭ ഇത് വരെ ഒൻപത് കോടി രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. ഒന്നര ലക്ഷം രൂപ കേന്ദ്ര സർക്കാരിന്റെ വിഹിതമാണ്. സംസ്ഥാന സർക്കാരിന്റെ ആകെ വിഹിതം അര ലക്ഷം രൂപ മാത്രമാണ്.

സർക്കാർ തനതു ഫണ്ട് മുടക്കിയ ഒരു പദ്ധതി പോലും വാർഷിക ആഘോഷപരിപാടിയുടെ ഭാഗമാക്കാൻ തൊടുപുഴയിൽ ഇല്ല. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷമായോ, നൂറു ദിന കർമ്മപരിപാടിയു മായോ യാതൊരു ബന്ധവുമില്ലാത്ത ഉദ്ഘാടനം ചെയ്തത്. ഇത്തരമൊരു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചിട്ടില്ല

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരോട് ആലോചിച്ചിട്ടുമില്ല. നഗരസഭാ പദ്ധതികൾ സർക്കാരിന്റെ പദ്ധതികൾ ആയി മാറ്റുന്നതിനുള്ള കുൽസിത ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചു. കൗൺസിലർമാരായ കെ ദീപക്ക്, adv. ജോസഫ് ജോൺ, എം എ കരിം, സഫിയ ജബ്ബാർ, സനു കൃഷ്ണൻ, നീനു പ്രശാന്ത്, റസിയ കാസിം, സാബിറ ജലീൽ, രാജി അജേഷ്, ഷീജ ഷാഹുൽ, നിസ സക്കീർ എന്നിവർ സംബന്ധിച്ചു.