ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും മത മേലധ്യക്ഷന്മാർക്കും മുന്നറിയിപ്പുമായി രാജ്യസഭാംഗമായ ബിനോയ് വിശ്വം. ആക്രമിക്കപ്പെട്ട ദേവാലയങ്ങളും സന്യാസി മഠങ്ങളും ഓർത്തിട്ട് വേണം ബി.ജെ.പിയെ സ്വാഗതം ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞു.

‘സി.പി.ഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ടത് സാങ്കേതികം മാത്രമാണ്. ജനങ്ങൾ സി.പി.ഐക്ക് ഒപ്പമുണ്ട്. സി.പി.ഐ ജനങ്ങളുടെ പാർട്ടിയാണ്. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സി.പി.ഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണ്. കുറവുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകും. പ്രധാന മന്ത്രിയുടെ ക്രിസ്ത്യൻ പള്ളി സന്ദർശനം വോട്ട് ഉറപ്പിച്ച് അധികാരം നേടാനുള്ള പരക്കം പാച്ചിലാണ്. ഈ കൗശലം മനസ്സിലാക്കാതെ മോദിക്ക് പിന്തുണ നൽകുന്ന പുരോഹിതർ വിചാരധാര വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗോഡ്സെ, സവർക്കർ, ഗോൾവാൾക്കർ എന്നിവരെ ദേശീയ നായകരാക്കാൻ ശ്രമിക്കുന്നവരെയാണ് പിന്തുണയ്ക്കുന്നതെന്ന് ക്രൈസ്തവ സഭാ നേതാക്കൾ മനസ്സിലാക്കണമെന്നും’ അദ്ദേഹം തുറന്നടിച്ചു.