Timely news thodupuzha

logo

നിയമസഭാ സംഘർഷം; മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം. മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടേയും സ്റ്റാഫംഗങ്ങൾ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് നോട്ടീസ് നൽകാൻ നിയമസഭാ സെക്രട്ടേറിയറ്റ് ബോധപൂർവ്വം മറന്നതാണോ? അതോ മുഖ്യമന്ത്രിയെ ഭയമാണോ?

പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന അതേ മുഖ്യമന്ത്രിയും സംഘവും തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത്. മാധ്യമ പ്രവർത്തകരുടെ സംഘടന കൂടി ഈ വിഷയത്തിൽ ഇടപെടണം. മാധ്യമങ്ങളേയും വിമർശകരേയും തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരേയും മുഖ്യമന്ത്രിക്കും സർക്കാരിനും ഭയമാണ്. അതുകൊണ്ടാണ് സഭാ ടിവിയെ സർക്കാർ വിലാസം ടിവിയാക്കി അധപതിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ സഭാ ടി.വി അവഗണിച്ചാൽ ആ ദൃശ്യങ്ങൾ നിയമം ലംഘിച്ചും പുറത്തെത്തിക്കും. സർക്കാരിന്റേയും നിയമസഭാ സെക്രട്ടേറിയറ്റിന്റേയും ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. അത് കേരളത്തിൽ വിലപ്പോകില്ലെന്നും’ വിഡി സതീശൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *