
ഉദുമ എംഎൽഎ സി.എച്ച്. കുഞ്ഞമ്പുവാണ് സാധ്യത കൽപ്പിക്കപ്പെടുന്ന പ്രമുഖൻ. രണ്ടാം പിണറായി മന്ത്രിസഭയിൽ കാസർഗോഡു നിന്ന് അംഗങ്ങളില്ല എന്നതും, ഒന്നിലേറെ തവണ എംഎൽഎയായി എന്നതും അനുകൂല ഘടകം. സിഐടിയു അഖിലേന്ത്യാ ഭാരവാഹി കൂടിയായ പൊന്നാനി എംഎൽഎ പി. നന്ദകുമാറിനുള്ള “അയോഗ്യത’ അതോടെ മലപ്പുറം ജില്ലയ്ക്ക് രണ്ടു മന്ത്രിമാരുണ്ടാകും എന്നതാണ്. മന്ത്രിയായാൽ തൊഴിൽ വകുപ്പാകും സാധ്യത.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മേയറുമായിരുന്ന വി. ശിവൻകുട്ടിയെ തദ്ദേശ വകുപ്പിലേക്കു പരിഗണിച്ചുകൂടെന്നില്ല. വിദ്യാഭ്യാസം പഴയതു പോലെ ഒറ്റ വകുപ്പാക്കി ആർ. ബിന്ദുവിന് നൽകാനുള്ള സാധ്യതയും തള്ളാനാവില്ല. സ്പീക്കർ എം.ബി. രാജേഷ് മന്ത്രിസ്ഥാനത്തെത്തുമെന്നും കെ.കെ. ശൈലജ സ്പീക്കറാകുമെന്നുമുള്ള പ്രചാരണം ശക്തമാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്പീക്കറാക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നു. ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് രാജിവച്ച സജി ചെറിയാനെ തിരിച്ചുകൊണ്ടുവരാനാണ് പാർട്ടിക്കു താത്പര്യം. എന്നാൽ, കേസ് കോടതിയിലിരിക്കെ അതിനു മുതിർന്നാൽ തിരിച്ചടിയായാലോ എന്ന ആശങ്കയുമുണ്ട്.