തിരുവനന്തപുരം: പാൽവില കൂട്ടാനൊരുങ്ങി മിൽമ. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധന. 29 രൂപയുടെ മിൽമ റിച്ചിന് 30 രൂപയാകും. മിൽമ സ്മാർട്ട് 24 രൂപയായിരുന്നത് ഇനി മുതൽ 25 രൂപയാകും. അതേസമയം, ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. 2 മാസം മുന്‍പാണ് നീല കവർ പാലിന് വില കൂട്ടിയത്. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് മിൽമ അറിയിച്ചു. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം. നേരത്തെ മറ്റ് ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ മിൽമ റിച്ചിനും, മിൽമ സ്മാർട്ടിനും വില കൂട്ടിയില്ലായിരുന്നു എന്നും മിൽമ പറയുന്നു.

മില്‍മ ഉത്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന “റീപൊസിഷനിങ് മില്‍മ 2023′ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ വില ഉയർന്നിരിക്കുന്നത്. മില്‍മ ഉത്പന്നങ്ങളെ ബഹുരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കത്തക്ക രീതിയില്‍ പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. മില്‍മയും മേഖല യൂണിയനുകളും വിപണിയിലെത്തിക്കുന്ന വിവിധ ഇനം പാല്, തൈര്, സെറ്റ് കര്‍ഡ്, ഫ്ളേവേര്‍ഡ് മില്‍ക്ക്, നെയ്യ് എന്നീ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഉത്പാദന പ്രക്രിയയിലും ഏകീകരണം വരുത്തുകയും സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍ പുറത്തിറക്കുന്ന പാല് ഒഴിച്ചുള്ള ഉത്പന്നങ്ങള്‍ ഒരു പോലെ അല്ല. ഇതുമാറ്റി ഒരേ ഡിസൈനിലും രുചിയിലും അളവിലും അവതരിപ്പിക്കും. വിലയും ഏകീകരിക്കും. ഇതിനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷം മുമ്പാണ് മില്‍മ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ വിപണന ശൃംഖല വികസിപ്പിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.