Timely news thodupuzha

logo

പള്ളിക്കുന്ന്‌ ബാങ്ക്‌ തെരഞ്ഞെടുപ്പ്; പി.കെ.രാഗേഷ്‌ ഉൾപ്പെടെ ഏഴുപേരെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കി

കണ്ണൂർ: പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കനത്ത പരാജയത്തെത്തുടർന്ന്‌ കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷ്‌ ഉൾപ്പെടെ ഏഴുപേരെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കി. പള്ളിക്കുന്ന്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയും മണ്ഡലം പരിധിയിലെ ബൂത്ത്‌ കമ്മിറ്റികളും പിരിച്ചുവിട്ടു.

രണ്ടുപേരെ സസ്‌പെൻഡുചെയ്‌തതായും ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. പള്ളിക്കുന്ന്‌ മണ്ഡലം കമ്മിറ്റിയുടെ ചുമതല കെപിസിസി അംഗം രാജീവൻ എളയാവൂരിന്‌ നൽകി.

പി കെ രാഗേഷിനുപുറമെ പി കെ രഞ്ജിത്ത്‌, ചേറ്റൂർ രാഗേഷ്‌, എം കെ അഖിൽ, പി കെ സൂരജ്‌, കെ പി പ്രദീപൻ, എം വി പ്രദീപ്‌കുമാർ എന്നിവരെയാണ്‌ പുറത്താക്കിയത്‌.

കോർപറേഷൻ കൗൺസിലർ കെ പി അനിത, കെ പി ചന്ദ്രൻ എന്നിവരെയാണ്‌ സസ്‌പെൻഡുചെയ്‌തത്‌. ഔദ്യോഗിക പാനലിനെതിരെ മൂന്നിരട്ടിയോളം വോട്ട്‌ നേടിയാണ്‌ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ വിമതപക്ഷം ജയിച്ചത്‌.

വിമതപക്ഷത്തെ നയിച്ചത്‌ രാഗേഷാണെന്ന്‌ ആരോപിച്ചാണ്‌ അച്ചടക്ക നടപടി. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഭീഷണിപ്പെടുത്തിയിട്ടും വിമതർ മത്സരരംഗത്ത്‌ ഉറച്ച്‌ നിൽക്കുകയും വൻവിജയം നേടുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ്‌ നടപടി.

Leave a Comment

Your email address will not be published. Required fields are marked *