
പുണെ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയ്‌ക്ക് നിർണായക വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് അസ്‌റ്റിലായ ഡി.ആർ.ഡി.ഒ ശാസ്‌ത്രജ്ഞൻ പ്രദീപ് കുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധം. ആർ.എസ്.എസുമായുള്ള തന്റെ ബന്ധത്തിന്റെ തലമുറകളുടെ പഴക്കമുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രദീപ് കുൽക്കർ വെളിപ്പെടുത്തിയിരുന്നു.
“ഗണിതശാസ്‌ത്രജ്ഞനായിരുന്ന തന്റെ മുത്തച്ഛൻ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. ശാഖയുടെ കണക്കുകൾ സൂക്ഷിച്ചിരുന്നത് അദ്ദേഹമാണ്. പിന്നീട് ആ ചുമതല അച്ഛനിലും അച്ഛനിൽ നിന്ന് തന്നിലേക്കുമെത്തി. താൻ ഗണിതശാസ്‌ത്ര അധ്യാപകനായിരുന്നു. ഇപ്പോൾ മകൻ സംഘകാര്യങ്ങളിലേക്ക് പോകുന്നു. ഇത് ഞങ്ങളുടെ നാലാമത്തെ തലമുറയാണ്”- എന്നായിരുന്നു അഭിമുഖത്തിൽ കുൽക്കർ പറഞ്ഞത്. പദവി ദുരുപയോഗം ചെയ്‌ത് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയ പ്രദീപ് കുൽക്കർ സവർക്കർ സ്‌മൃതി ദിനത്തിൽ ആർ.എസ്.എസ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രവും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ ബുധനാഴ്‌ചയാണ് പ്രദീപ് കുൽക്കറിനെ മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്‌തത്. ശാസ്‌ത്രജ്ഞൻ ഹണി ട്രാപ്പിൽ പെടുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സെപ്‌റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി വോയ്‌സ് മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡിആർഡിഒയിൽ നിന്ന് തന്നെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എടിഎസ് കേസെടുത്ത് അന്വേഷണം നടത്തിയത്.