Timely news thodupuzha

logo

പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ച് സിയാൽ

നെടുമ്പാശേരി: പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാൽ) വർധിപ്പിച്ചു. ആ​ഗസ്‌ത്‌ 12 മുതല്‍ വിയറ്റ്നാമിലെ ഹോ-ചി-മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും.

ഇതോടെ പൂർവേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 45 ആകും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വിയറ്റ് ജെറ്റ്(വി.ഐ.ഇ.റ്റി.ജെ.ഇ.റ്റി) ആണ് ഹോ-ചി-മിൻ സിറ്റിയിലേക്ക് സർവീസ് ആരംഭിക്കുന്നത്.

കേരളത്തിൽനിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യത്തെ വിമാന സർവീസാണിത്. സിയാലിന്റെയും രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് ഇത്‌ നാഴികക്കല്ലാകും. നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്. സിംഗപ്പൂരിലേക്ക് രണ്ട്‌ പ്രതിദിന വിമാന സർവീസുകളാണ് ഉള്ളത്.

ആഴ്ചയിൽ ആറു ദിവസം ബാങ്കോക്കിലേക്ക് ഒരു വിമാന സർവീസും ക്വാലാലംപൂരിലേക്ക് മൂന്ന്‌ പ്രതിദിന സർവീസുകളുമാണ് സിയാലില്‍നിന്ന്‌ ഉള്ളത്.സിയാലില്‍നിന്ന് പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും, കേരളത്തിനും വിയറ്റ്‌നാമിനുമിടയിൽ നേരിട്ടുള്ള പുതിയ എയർ റൂട്ട് ടൂറിസത്തെ വലിയരീതിയിൽ സഹായിക്കുമെന്നും സാമ്പത്തിക, സാംസ്കാരിക വിനിമയം വര്‍ധിക്കുമെന്നും സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവർഷം 89.82 ലക്ഷം യാത്രക്കാര്‍ സിയാൽവഴി യാത്ര ചെയ്തു. നടപ്പുസാമ്പത്തികവർഷം ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാൽ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാംസ്ഥാനത്താണ് കൊച്ചി വിമാനത്താവളം.

Leave a Comment

Your email address will not be published. Required fields are marked *