കരിമണ്ണൂർ: ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് യൂസർഫീ വാങ്ങിച്ച് ശേഖരിച്ച ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ വേനപ്പാറയിൽ പുതിയതായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സമീപത്ത് കുഴിച്ചുമൂടിയതിൽ യു.ഡി.എഫിന്റെ പ്രതിഷേധം. കരിമണ്ണൂർ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടന തലേന്ന് ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫ്ലാറ്റിന്റെ സമീപത്ത് കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡണ്ടിന്റെയും നിർദ്ദേശപ്രകാരമാണ് കുഴിച്ചുമൂടിയത്.

ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രദേശവാസികൾ, മാലിന്യം കുഴിച്ചുമൂടിയതിനെതിരെ പരാതി പറഞ്ഞപ്പോൾ പ്രസിഡണ്ടും വൈസ് പ്രസിഡന്റും, ധിക്കാരപരമായി ജനങ്ങളോട് സംസാരിക്കുകയാണ് ഉണ്ടായത്.

ഈ പ്രദേശത്ത് നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളും സ്ഥിതി ചെയ്യുന്നു അടിയന്തരമായി ഈ കുഴിച്ചുമൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിഷേധ യോഗത്തിൽ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യു.ഡി.എഫ് ജില്ലാ കൺവീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രൊഫസർ എം.ജെ.ജേക്കബ് പറഞ്ഞു.

മണ്ഡലം ചെയർമാൻ പോൾ കുഴിപ്പിള്ളിലായിരുന്നു അധ്യക്ഷൻ. യോഗത്തിൽ കൺവീനർ ബേബി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി, മുസ്ലിം ലീഗ് നേതാക്കളായ എൻ. കെ ഇല്യാസ്, വി.എ സക്കീർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബൈജു വറവുങ്കൽ, ബിബിൻ അഗസ്റ്റിൻ, ജീസ് ആയത്തുപാടം, ആൻസി സിറിയക്, ടെസ്സി വിൽസൺ, ഷേർലി സെബാസ്റ്റ്യൻ, മുൻ മെമ്പർമാരായ എ.എൻ ദിലീപ് കുമാർ, പി.കെ ശിവൻകുട്ടി, ശോശാമ്മ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.