Timely news thodupuzha

logo

ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശ സഞ്ചാരിക്ക് ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ

കൊച്ചി: വിനോദസഞ്ചാരത്തിനിടെ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വിറ്റ്സർലൻഡ് സ്വദേശി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. ഒറ്റയ്ക്ക് കേരളം മുഴുവൻ ബൈക്കിൽ ചുറ്റിക്കാണാൻ ഒരുമാസം മുൻപ് എത്തിയ ബൈക്ക് തെന്നിവീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മറ്റാരും കൂടെയില്ലാത്തതിനാൽ നാട്ടുകാർ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർചികിത്സ ബുദ്ധിമുട്ടായിരുന്നു.

അദ്ദേഹം താമസിച്ചിരുന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ് സമയോചിതമായ തീരുമാനങ്ങളെടുത്ത് അദ്ദേഹത്തെ ഉടൻ തന്നെ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ ഹാൻസ് റുഡോൾഫിന്റെ വാരിയെല്ലുകൾ ഒടിയുകയും ശ്വാസകോശത്തിൽ ചതവുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. ശ്വാസകോശത്തിലെ മുറിവുകൾ പഴുക്കുകയും ന്യൂമോണിയ പിടിപെടുകയും ചെയ്തതോടെ രക്തത്തിലെ ഓക്സിജന്റെ അളവ് ഗുരുതരമാം വിധം കുറഞ്ഞു. ഉടൻ തന്നെ ഹാൻസിനെ വെന്റിലേറ്ററിലേക്ക് മാറ്റി ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനാൽ, അതീവ നിർണായകമായ തുടർചികിത്സയ്ക്ക് ആവശ്യമായ സമ്മതപത്രം നല്കാൻ ആരുമുണ്ടായിരുന്നില്ല. എത്രയും വേഗം ചികിത്സ നൽകിയില്ലെങ്കിൽ ഹാൻസിന്റെ ജീവൻ നഷ്ടമാകുന്ന സാഹചര്യമായിരുന്നതിനാൽ, ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലെ അധികൃതർ സ്വിസ് എമ്പസിയുമായി ബന്ധപ്പെട്ടു. ചികിത്സാകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പൂർണസ്വാതന്ത്ര്യം എംബസി അധികൃതർ അനുവദിച്ചു നൽകി. ഹോംസ്റ്റേ ജീവനക്കാരാണ് ചികിത്സയ്ക്കും സർജറിക്കുമുള്ള അനുമതിപത്രത്തിൽ ഒപ്പിട്ടത്.

കാർഡിയോതോറാസിക്ക് ആൻഡ് വസ്‌ക്യൂലർ സർജറി വിഭാഗമാണ് ഹാൻസിനെ ചികിത്സ ഏറ്റെടുത്തത്. സീനിയർ കൺസൽട്ടന്റ് ഡോ. മനോജ് പി നായരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഡോ. ജോർജ് വർഗീസ് (കൺസൽട്ടന്റ്), സീനിയർ സ്പെഷ്യലിസ്റ്റുകളായ ഡോ. സബിൻ സാം, ഡോ. ജിഷ്ണു പള്ളിയാണി എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൽട്ടന്റ് ഡോ. സുരേഷ് ജി നായർ, കൺസൽട്ടന്റ് ഡോ. ജോയൽ ദേവസ്സിയ വാഴക്കാട്ട് എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തിൽ ഹാൻഡ് റുഡോൾഫിന് ആവശ്യമായ ചികിത്സ നൽകിയത്.

മാട്രിക്സ് ബയോൺസ് ഡീപയ് എന്ന അത്യാധുനിക ചികിത്സാ സമ്പ്രദായം ഉപയോഗിച്ചാണ് പൊട്ടിപ്പോയ വാരിയെല്ലുകൾ കൂട്ടിച്ചേർത്തതെന്ന് ഡോ. മനോജ് പി നായർ വിശദീകരിച്ചു. ശ്വാസതടസ്സവും ന്യൂമോണിയയും ഭേദമാക്കി ജീവൻ രക്ഷിക്കുന്നതിൽ ഈ ചികിത്സ ഏറെ നിർണായകമായി എന്ന് ഡോ. ജോർജ് വർഗീസ് കുര്യൻ പറഞ്ഞു. ഉന്നതനിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ കേരളത്തിൽ ഉള്ളത് കൊണ്ടാണ് ഹാന്സിന്റെ ജീവൻ രക്ഷിക്കാനായതെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *