
കട്ടപ്പന: പ്രായപൂർത്തിയാകാത്ത ഗുസ്തിതാരങ്ങളായ പെൺകുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബി.ജെ.പി.നേതാവ് ബ്രിജ് ഭൂഷൺ സരൺ സിംഗ് എം.പി.യെ തുറുങ്കിലടയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഭാരതീയസ്ത്രീത്ത്വത്തെ കുറിച്ച് പ്രസംഗിച്ച് ഊറ്റം കൊള്ളുന്ന ഭരണാധികാരികൾ 7 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെയുളളവരെ പീഡിപ്പിച്ചുവെന്ന പരാതിയും വ്യക്തമായ തെളിവുകളും ഹാജരാക്കിയിട്ടും ഗുസ്തി ഫെഡറേഷന്റെ പദവികളിൽ നിന്നും പുറത്താക്കാനും അറസ്റ്റു ചെയ്യാനും കേന്ദ്ര സർക്കാർ തയ്യാറാകാത്തതു ബ്രിജ് ദൂഷൺ ബി.ജെ.പി.നേതാവായതു കൊണ്ടു മാത്രമാണെന്നും മഹിളാ കോൺഗ്രസ് കുറ്റപ്പെടുത്തി. മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണെന്നും വനിതകൾ ഇരകളായിട്ടുള്ള കേസുകളിൽ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും പ്രമാദമായ പീഢനക്കേസുകളിൽ അനങ്ങാപ്പാറനയമാണു ഭരണാധികാരികൾ സ്വീകരിക്കുന്നതെന്നും സമരത്തിൽ ചൂണ്ടിക്കാട്ടി.

ഭാരത പാരമ്പര്യത്തിനു മുറിപ്പാടുകൾ ഉണ്ടാക്കിയ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ പലവനിതാ സംഘടനകളും മൗനം പാലിക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു പറഞ്ഞു. ഡൽഹിയിൽ ജന്ധർ മന്ധറിൽ നീതി നിക്ഷേധത്തിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്കേരളാ പ്രദേശ് മഹിളാ കോൺഗ്രസിന്റെ ആഹ്വാനമനുസരിച്ച് കട്ടപ്പനയിൽ രാഷ്ട്രപിതാവിന്റെ സ്മ്യതി മണ്ഡപത്തിനു മുന്നിൽ മെഴുകുതിരി കത്തിച്ചു പിടിച്ചുള്ള സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജില്ലാ പ്രസിഡന്റ്.

നഗരസഭാ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച പ്രതിക്ഷേധസമരത്തിൽ നേതാക്കളായ ബിനാ ജോബി, ഏലിയാമ്മ കുര്യാക്കോസ്, മായ ബിജു, സജിമോൾ ഷാജി, ബീനാടോമി ,ഐബിമോൾ രാജൻ, സോണിയ ജേബി, ലീലാമ്മ ബേബി, ജെസ്സി ബെന്നി ,രത്നമ്മസുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
