Timely news thodupuzha

logo

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരെ ലൈംഗിക പീഡനം; ബി.ജെ.പി എം.പിക്കെതിരെ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി ബൃന്ദ കാരാട്ട്‌

ന്യൂഡൽഹി: വനിതാ താരങ്ങൾക്കെതിരെ ലൈംഗിക പീഡനം നടത്തിയെന്ന്‌ ആരോപണം നേരിടുന്ന ദേശീയ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്‌ ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട്‌ ജന്തർമന്തറിൽ ഗുസ്‌തിതാരങ്ങൾ ആരംഭിച്ച രാപ്പകൽ സമരത്തിന്‌ വ്യാപക പിന്തുണ. സമരത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്‌ച രാഷ്‌ട്രീയ പാർടി നേതാക്കൾ, കർഷക നേതാക്കൾ, ഖാപ്‌ പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർക്കു പുറമെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും സമരവേദിയിലെത്തി ഐക്യദാർഢ്യം അർപ്പിച്ചു.

സി.പി.മ്മിനു പുറമെ സി.ഐ.റ്റി.യു, അഖിലേന്ത്യ കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്‌.ഐ, എസ്‌.എഫ്‌.ഐ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. രാജ്യാന്തര താരങ്ങളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സത്യവർത്ത്‌ കാഡിയൻ, സോംവീർ രതി, ജിതേന്ദർ കിൻഹ എന്നിവരടക്കമുള്ളവരാണ്‌ തെരുവിൽ നീതിക്കായി പോരാടുന്നത്‌. നിലപാട്‌ കടുപ്പിച്ച താരങ്ങൾ കായികമന്ത്രാലയത്തിലോ ഒളിമ്പിക്‌ അസോസിയേഷനിലോ സായ്‌യിലോ വിശ്വാസമില്ലന്ന്‌ പ്രഖ്യാപിച്ചു.

ജുഡീഷ്യറി മാത്രമാണ്‌ ഏക ആശ്രയമെന്നും ഒളിമ്പിക്‌സ്‌ മെഡൽ ജേതാവുകൂടിയ ബജ്‌റംഗ്‌ പൂനിയ തുറന്നടിച്ചു. മെഡൽ നേടുമ്പോൾ കൂടെ നിൽക്കുന്ന പ്രധാനമന്ത്രി നിരത്തിൽ ഇറങ്ങിയപ്പോൾ നിശ്ശബ്ദനാണെന്നും തുറന്നടിച്ചു. വിഷയം ബിബിസിയടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളിലും വാർത്തയായത്‌ രാജ്യത്തിനുതന്നെ നാണക്കേടായി.

നീതിക്കായി പോരാടുന്ന താരങ്ങളോടാപ്പം രാജ്യമുണ്ടെന്ന്‌ സി.പി.ഐ(എം) പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. പാർടിയുടെ പിന്തുണയും അവർ താരങ്ങളെ അറിയിച്ചു. സ്ഥാനത്തുനിന്ന്‌ ബ്രിജ്‌ ഭൂഷണെ പുറത്താക്കാൻപോലും തയ്യാറായിട്ടില്ല. രാജ്യത്തിനായി മെഡൽ നേടിയവർ നീതിക്കായി തെരുവിൽ പോരാടേണ്ടി വരുന്നത്‌ നാണക്കേടാണെന്നും ബ്രിജ്‌ ഭൂഷണെതിരെ നടപടിയെടുക്കാൻ കേന്ദ്രം തയ്യാറാകണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. സമരവേദിയിലെത്തിയ ബൃന്ദയെ ബജ്‌റംഗ്‌ പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവർ സ്വീകരിച്ചു.

ഹരിയാന മുൻ മുഖ്യന്ത്രി ഭൂപീന്ദർ സിങ്‌ ഹൂഡ അരമണിക്കൂറോളം സമരവേദിയിൽ ചെലവഴിച്ചു. സി.ഐ.റ്റി.യു ദേശീയ സെക്രട്ടറി എ.ആർ സിന്ധു, അഖിലേന്ത്യ കിസാൻ സഭാ നേതാവ്‌ ഹന്നൻ മൊള്ള, കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ്‌ സെക്രട്ടറി വിക്രം സിങ്‌, ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ.എ റഹിം എം.പി, ജനറൽ സെക്രട്ടറി ഹിമാഗ്നരാജ്‌ ഭട്ടാചാര്യ, എസ്‌.എഫ്‌.ഐ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ തുടങ്ങിയവരും സമരവേദിയിൽ എത്തി.

Leave a Comment

Your email address will not be published. Required fields are marked *