Timely news thodupuzha

logo

വീഡിയോ – ഓഡിയോ തെളിവ്‌ അന്വേഷണ സമിതി ആവശ്യപ്പെട്ടു

ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വീഡിയോ – ഓഡിയോ തെളിവ്‌ കായികമന്ത്രാലയം നിയമിച്ച അന്വേഷണ സമിതി ആവശ്യപ്പെട്ടെന്ന്‌ പരാതിക്കാരായ വനിതാ താരങ്ങൾ. ബ്രിജ്‌ഭൂഷൺ പിതൃ വാത്സല്യത്തോടെയാകും പെരുമാറിയതെന്നും ശരീരത്തിൽ പിടിച്ചത്‌ ദുരുദ്ദേശ്യത്തോടെയാകില്ലെന്നും ഒരു സമിതി അംഗം പറഞ്ഞെന്ന്‌ ദേശീയ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ പരാതിക്കാർ പറഞ്ഞു.

മേരി കോമിന്റെ അധ്യക്ഷതയിലുള്ള സമിതി ഫെബ്രുവരിയിൽ നടത്തിയ മൊഴിയെടുപ്പിൽ ഗുരുതര ക്രമക്കേടുണ്ടായി. ഒരു ഘട്ടത്തിൽ സമിതി മൊഴിയെടുക്കുന്നത്‌ ചിത്രീകരിക്കുന്നത്‌ അവസാനിപ്പിച്ചു. ഒരംഗം ഓൺലൈനിലൂടെ ജിമ്മിലിരുന്നാണ്‌ മൊഴിയെടുത്തത്‌. ബ്രിജ്‌ഭൂഷന്റെ അനുകൂലികൾ ഹാളിന്‌ പുറത്ത്‌ തമ്പടിച്ചു.

വേഗം നടപടികൾ പൂർത്തിയാക്കാനുള്ള ധൃതിയായിരുന്നു സമിതിക്കെന്ന് താരങ്ങൾ പറഞ്ഞു. അതേസമയം, ആരോപണങ്ങൾ സമിതിയംഗമായ രാധിക ശ്രീമാൻ നിഷേധിച്ചു. സമരവേദി രാംലീല മൈതാനത്തേക്ക്‌ബ്രിജ്‌ഭൂഷണെ അറസ്‌റ്റുചെയ്യണം എന്നാവശ്യപ്പെട്ട്‌ ഗുസ്‌തി താരങ്ങളുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക്‌ മാറ്റിയേക്കും. ദേശീയ തലത്തിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്‌. ചൊവ്വാഴ്‌ച താരങ്ങൾ കൊണാട്ട്‌പ്ലേസിലേക്ക്‌ മാർച്ച്‌ നടത്തി. സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ്‌ വിശ്വം ചൊവ്വാഴ്‌ച സമരവേദിയിൽ എത്തി.

Leave a Comment

Your email address will not be published. Required fields are marked *