കൊച്ചി: ശബരിമലയിലെ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ മൂന്നുമാസത്തിനകം സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. വെർച്വൽ ക്യൂ പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്യുന്ന വഴിപാടുകളുടെ നിരക്കുകൾ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധപ്പെടുത്താനും നിർദേശിച്ചു. ശബരിമലയിൽ കളഭാഭിഷേകവും തങ്ക അങ്കി ചാർത്തലും ബുക്ക് ചെയ്തുനൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ തിരുവള്ളൂർ സ്വദേശിയിൽനിന്ന് 1.60 ലക്ഷം രൂപ കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ തട്ടിയെടുത്ത സംഭവം ശബരിമല സ്പെഷ്യൽ കമീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
കളഭാഭിഷേകത്തിന് 38,400 രൂപയും തങ്ക അങ്കി ചാർത്തലിന് 15,000 രൂപയുമടക്കം 53,400 രൂപ ചെലവ് വരുന്നിടത്താണ് 1.60 ലക്ഷം രൂപ മണികണ്ഠൻ വാങ്ങിയത്. 20 വർഷമായി സന്നിധാനത്ത് പിഡബ്ല്യുഡി സത്രത്തിൽ അനധികൃതമായി താമസിച്ചിരുന്ന മണികണ്‌ഠനെ, പരാതി ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയും സത്രത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു.
നവംബർ 23ന് വഴിപാടുകൾ നടത്താൻ ബുക്ക് ചെയ്തെന്ന് കാണിച്ച് ദേവസ്വം ബോർഡിന്റെ പേരിലുള്ള വ്യാജ രസീത് ഇയാൾ വാട്സാപ് ചെയ്‌തിരുന്നു. തുടർന്നും ഇയാൾ ഏജന്റുമാർ മുഖേന തീർഥാടകർക്ക് അനധികൃതമായി സത്രത്തിൽ താമസമൊരുക്കിയെന്നും ഇതിന് കൂട്ടുനിന്നത് ആരാണെന്ന് വിജിലൻസ് അന്വേഷിക്കണമെന്നും ദേവസ്വം ബോർഡ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.