
ഇടുക്കി: കേരള ഐ.സി.പി.എസ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ വനിത ശിശു വികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിക്ക് കീഴിലുള്ള കരാർ ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി ജില്ലയിൽ സൂചന പണിമുടക്ക് നടത്തി. പൈനാവ് വനിത ശിശു വികസന ഓഫിസ് സമുച്ചയത്തിൽ നടത്തിയ പണിമുടക്ക് എൻ.ജി.ഒ യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ജി. ഷിബു ഉദ്ഘാടനം ചെയ്തു. ഐ.സി.പി.എസ് എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജനി പി.എസ് അദ്ധ്യക്ഷത വഹിച്ചു.
കുട്ടികളുടെ സംരക്ഷണം സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിന് വേണ്ടി കേന്ദ്ര വനിതാ ശിശു വികസന മന്ത്രലായം കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് മിഷൻ വാത്സല്യ. മുൻപ് ഇൻറഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം (ഐ സി പി എസ്) എന്ന പേരിലായിരുന്നു ഈ സ്കീം അറിയപ്പെട്ടിരുന്നത്.
മിഷൻ വാൽസല്യയെന്ന് പേരു മാറ്റിയതിനു ശേഷം ജീവനക്കാർക്ക് മുൻപ് ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം വെട്ടി കുറച്ചതിനു പുറമേ വാർഷിക കരാർ പുതുക്കാൻ കാലതാമസം നേരിടുന്നതും അവധി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും ദിവസ വേതനാടിസ്ഥാനത്തിലേക്ക് തള്ളപ്പെടുന്നതുമൊക്കെ ജീവനക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്ക് നടത്തിയത്.
പദ്ധതിയിലെ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരും 2023 ഏപ്രിൽ 27ന് സെക്രട്ടേറിയറ്റ് ധർണ്ണ നടത്തിയിരുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂൺ ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബാലനീതി നിയമത്തിൽ പരാമർശിക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നിർവഹിക്കുന്നത് മിഷൻ വാത്സല്യയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ മുഖേനെയാണ്. ശമ്പളം വെട്ടിക്കുറച്ചത് മൂലം മിഷൻ വാത്സല്യ പദ്ധതിയിലെ 260 ഓളം ജീവനക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.