Timely news thodupuzha

logo

സംരംഭങ്ങൾക്ക് അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്ന വിഷയങ്ങൾ ഇന്ന് വളരെ അപൂർവ്വമാണെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തിൽ സംരംഭങ്ങൾക്ക് അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്നതു പോലുള്ള വിഷയങ്ങൾ ഇന്ന് വളരെ അപൂർവ്വമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഇപ്പോഴും പർവതീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംരംഭകനായ സനൽകുമാറിന്റെ എസ് കെ ഡയഗണോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നരക്കോടി മുതൽമുടക്കിൽ പത്തോളം പേർക്ക് തൊഴിൽ നൽകുന്ന എസ് കെ ഡയഗണോസ്റ്റിക് സെന്ററിന് അനുമതി ലഭിക്കാൻ ചില തടസങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഹരിപ്പാട് നിന്നുള്ള സംരംഭകനായ സനൽകുമാർ ഓഫീസിലേക്ക് കത്തെഴുതിയത്.

വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഒരു വർഷത്തോളമായി ലഭിക്കാതിരുന്ന അനുമതികൾ 90 ദിവസത്തിനുള്ളിൽ ലഭ്യമായി.സനലിന്റെ ആഗ്രഹപ്രകാരം ഇന്ന് അദ്ദേഹത്തിന്റെ സംരംഭമായ എസ് കെ ഡയഗണോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയാണ്. സംരംഭം കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് ഈ ഘട്ടത്തിൽ ആശംസിക്കുന്നു.

പൊതുവായി നമ്മുടെ നാട്ടിലുണ്ടാകുന്ന നിക്ഷേപസൗഹൃദമായ മാറ്റം പൊതുബോധമായി മാറിയിട്ടില്ല. മാറിയ കേരളം വ്യവസായ സൗഹൃദമാണ് എന്ന കാര്യം കൂടി ജനങ്ങളിലേക്കെത്തിക്കാൻ നമുക്ക് സാധിക്കണം. 10 മാസങ്ങൾക്കുള്ളിൽ 1,25,000 സംരംഭങ്ങൾ ആരംഭിച്ചത് പൊതുവേ കേരളം നിക്ഷേപ സൗഹൃദമാണെന്നതിന് ഉദാഹരണമാണ്.വ്യവസായത്തിൽ കേരളം ഇനി കൊച്ചുകേരളമല്ല എന്നും സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് വളർച്ചയുടെ പടവുകൾ കയറുന്ന നിക്ഷേപ സൗഹൃദ കേരളമാണെന്നും ജനങ്ങൾക്ക് മനസിലാക്കാൻ സർക്കാരിന്റെ ഇടപെടലുകൾ കൊണ്ട് സാധ്യമാകുന്നുണ്ടെന്നതിന്റെ ഉദാഹരണം കൂടിയാണിത്. 13 ജില്ലകളിലായി നടന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിലൂടെ ലഭിച്ച 1471 പരാതികളിൽ 75% പരാതികളും പരിഹരിക്കാൻ സാധിച്ച കാര്യവും ഈ അവസരത്തിൽ നിങ്ങളെ അറിയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി

Leave a Comment

Your email address will not be published. Required fields are marked *