
ഉടുമ്പന്നൂർ: കെട്ടിട നികുതിയും പെർമിറ്റ് ഫീസും കുത്തനെ വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ്. ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി. മുൻ. ജന.സെക്രട്ടറി റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഖജനാവ് കൊള്ളയടിച്ച് ജനജീവിതം ദുരിതത്തിലാക്കിയ പിണറായി സർക്കാർ കെട്ടിട നിർമാണ നികുതിയും കെട്ടിട നികുതിയും മൂന്നിരട്ടിയായി വർദ്ധിപ്പിച്ച് ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് കെ.പി.സി.സി. മുൻ ജന.സെക്രട്ടറി റോയ് കെ പൗലോസ് പ്രസ്താവിച്ചു.

കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവിനെതിരെയും എ.ഐ. ക്യാമറ സ്ഥാപിക്കുന്നതിലെ അഴിമതിയും അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഉടുമ്പന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം.ന്റെ അഴിമതികൾക്കെതിരെ മുൻപ് പ്രതികരിച്ച് തിരുത്തൽ വാദികളായി മാറിയിരുന്ന സി.പി.ഐ.ക്കാർ ഇപ്പോൾ സി.പി.എം.ന്റെ തിരുമ്മൽ വാദികളായി മാറിയിരിക്കുന്നു. ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നവരെ നിശബ്ദരാക്കുവാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറിയിരിക്കുന്നു.

അഴിമതി മുഖമുദ്രയാക്കി മാറ്റിയ പിണറായി വിജയനെതിരെ ജനവികാരം ഉയർന്നിരിക്കുകയാണെന്നും തെറ്റുകൾ തിരുത്താൻ അദ്ദേഹം തയ്യാറാകണമെന്നും കേരളത്തെ തന്റെ കുടുംബക്കാർക്ക് തീറെഴുതി കൊടുക്കുവാനുള്ള തീരുമാനത്തിൽ നിന്നും പിണറായി വിജയൻ പിൻമാറണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ പി.എൻ.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ കൺവീനർ മനോജ് തങ്കപ്പൻ സ്വാഗതം ആശംസിച്ചു.
മുസ്ലീം ലീഗ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.ഹാരിദ്, കേരള കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം.മോനിച്ചൻ , മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എൻ. സീതി , യുഡിഎഫ് നേതാക്കളായ മാത്യു കെ ജോൺ , കെ ആർ സോമരാജ് ജോൺസൺ കുര്യൻ, സിബി ദാമോദരൻ, എൻ.ജെ. മാമച്ചൻ , ടോമി കൈതവേലിൽ, ബിജോ ജേക്കബ്, ജിജി സുരേന്ദ്രൻ , നൈസി ഡെനിൽ, അഖിലേഷ് ദാമോദരൻ, രഞ്ജിത്ത് പി.എസ്. എന്നിവർ പ്രസംഗിച്ചു. ധർണ്ണയ്ക്കു മുന്നോടിയായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് എ.എം.സുബൈർ, കെ.എസ്.സക്കീർ ഹുസൈൻ, സോമി പുളിയ്ക്കൽ, ബേബി, കെ.എ. സിദ്ദിഖ്, അജോ കുഴിപ്പിള്ളിൽ, കെ.എം. നവാസ്, കെ..എസ്. സുബൈർ, ഷാന്റി വിൻസെന്റ്, ഹാജറ സെയ്ദ് മുഹമ്മദ്, അശ്വതി, രമ്യ റെജി, പി.എ. കബീർ എന്നിവർ നേതൃത്വം നല്കി.
