വടകര: സി.പി.ഐ.എം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ഇ.എം ദയാനന്ദൻ (71) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 11.30 മുതൽ സി.പി..ഐ.എം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസിലും 12 മണി മുതൽ 12.30 വരെ ചിറയിൽ പീടിക വായനശാലയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

വ്യാഴാഴ്ച രാവിലെ 10 മണി വരെ അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. കെ.എസ്.എഫ് ജില്ലാ ജോ.സെക്രട്ടറി, കെ.എസ്.വൈ.എഫ് അഴിയൂർ പഞ്ചായത്ത് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, പ്രസിഡണ്ട്, എൽ.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ, കർഷക സംഘം ഏരിയാ കമ്മറ്റിയംഗം, സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗം(30 വർഷം), ഏരിയാ സെക്രട്ടറി(5 വർഷം), തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ചോമ്പാൽ കൈത്തറി സഹകരണ സംഘം ജീവനക്കാരനായിരുന്നു. വിലക്കയറ്റത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് ഒരു മാസം ജയിൽവാസം അനുഭവിച്ചു. ചിറയിൽപീടിക നവേദയം വായനശാലയുടെ പ്രസിഡണ്ടാണ്. നിലവിൽ കല്ലാമല ബ്രാഞ്ച് അംഗമാണ്.