Timely news thodupuzha

logo

സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കി: കർഷകരെ നിരന്തരം ദ്രോഹിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. സമര യാത്രയുടെ എട്ടാം ദിവസം സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനവിരുദ്ധ തീരുമാനങ്ങളുടെ പെരുമഴയാണ് ഇടുക്കിയിലെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്. ഇത് കണ്ടെത്തുന്നതിനായി നിയോഗിച്ച സമിതി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ഇടതു മുന്നണിയുടെ നയങ്ങളെല്ലാം കർഷക വിരുദ്ധമാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. കർഷകർ മാത്രമല്ല വ്യാപാരികളും സർക്കാരിനെതിരെ സമരത്തിലാണ്. 2016 ജൂൺ മാസത്തിൽ മൂന്നാറിലും പരിസര പ്രദേശങ്ങളിലും സർക്കാർ നിർമ്മാണ നിരോധനം ഏർപ്പെടുത്തി.

എന്നാൽ 100 കിലോമീറ്റർ അപ്പുറത്തുള്ള ആനവിലാസം വില്ലേജിനെയും നിർമ്മാണ നിരോധന പരിധിയിൽ ഉൾപ്പെടുത്തിയത് വില്ലേജിൻറെ പേരിൽ ആന ഉള്ളത് കൊണ്ടാണോയന്നും എംപി പരിഹാസ രീതിയിൽ ചോദിച്ചു. ഇടുക്കി ജില്ലയെ സർക്കാർ അവഗണിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി 17 മനുഷ്യ ജീവനുകൾ അപഹരിച്ച കാട്ടാനയെ അമർച്ച ചെയ്യുവാൻ സർക്കാർ പദ്ധതി തയ്യാറാക്കണം. ഏലം പട്ടയ ഭൂമിയിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയത് ലൈഫ് മിഷനിൽ വീടുകൾ കിട്ടിയ കുടുംബങ്ങളെ പോലും ബാധിച്ചിരിക്കുകയാണ്. സമരയാത്ര ഇടതുദുർഭരണത്തിൽ നിന്നും നാടിൻറെ വിമോചനത്തിനാണെന്നും എം.പി. പറഞ്ഞു. കർഷകർ അനുഭവിച്ച യാതനകളും ബുദ്ധിമുട്ടുകളും സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ മുൻ എം.പി പി.സി തോമസ് പറഞ്ഞു. മണ്ണിൽ അധ്വാനിച്ച് കർഷകൻ ഉത്പാദിപ്പിക്കുന്ന വിളവുകൾക്ക് മതിയായ വില ലഭിക്കുന്നില്ല. കർഷക തൊഴിലാളികൾക്ക് മാന്യമായി കൂലി വർദ്ധിപ്പിച്ചത് യു.ഡി.എഫ് ആണ്.

എന്നും കർഷകരോടൊപ്പം നിന്ന പ്രസ്ഥാനമാണ് യുഡിഎഫ്. കർഷകരുടെ പ്രശ്നങ്ങൾക്ക് കാര്യക്ഷമമായി പരിഹാരം കാണുവാൻ ഇന്നത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകനെ മണ്ണിൻറെ അവകാശികളാക്കി മാറ്റിയത് എ.കെ ആൻറണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻറെ കാലത്താണെന്ന് ഡിസിസി പ്രസിഡൻറ് സി.പി മാത്യൂ പറഞ്ഞു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാകുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ജോസ് കണ്ടത്തിൻകര അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് എക്സ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി, തോമസ് രാജൻ, സേനാപതി വേണു, ആർ. ബാലൻ പിള്ള, ജി. മുരളീധരൻ, കെ.ബി.സെൽവം, വർഗീസ് വെട്ടിയാങ്കൽ, ബാബു കീച്ചേരി, ബോസ് പുത്തേത്ത്, എസ്. വനരാജ്, ടി.എം.ബാപ്പുട്ടി, ബെന്നി തുണ്ടത്തിൽ, കെ.എസ്. അരുൺ, എം.ബി. ജോസ്, ഷാജി കൊച്ചുകരോട്ട്, റോയ് ചാത്തനാട്ട് തുടങ്ങിയവർ പ്രസം​ഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *