Timely news thodupuzha

logo

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു. ഇടുക്കി ജില്ലയിൽ മുനിസിപ്പാലിറ്റി, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി 4257 പേർ സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്. ഇതിൽ 2143 വനിതകളും 2114 പേർ പുരുഷൻമാരുമാണ്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ 6110 നാമനിർദേശ പത്രികകൾ ലഭിച്ചു. ഇതിൽ 3033 എണ്ണം സമർപ്പിച്ചത് പുരുഷൻമാരും 3077 എണ്ണം വനിതകളുടേതുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 132 നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തി. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തിയത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സാധുവായ സ്ഥാനാർത്ഥികളുടെ പട്ടിക വരണാധികാരി തയ്യാറാക്കി പ്രസിദ്ധീകരിക്കും.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 വരെയാണ്. പത്രിക പിൻവലിക്കേണ്ട സ്ഥാനാർത്ഥികൾ നേരിട്ടോ നിർദ്ദേശകനെ അധികാരപ്പെടുത്തിയോ ഫോറം 5 പൂരിപ്പിച്ച് വരണാധികാരിക്ക് നേരിട്ട് സമർപ്പിക്കണം.

സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം വരണാധികാരികൾ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. വരണാധികാരിയുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭ ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *