Timely news thodupuzha

logo

പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്; പരിശോധന നടത്തിയത് 614 സ്ഥാപനങ്ങളിൽ

ഇടുക്കി: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 614 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 192 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചതിൽ പത്ത് എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഒൻപത് സാമ്പിളുകളിൽ ഫുഡ് കളർ ചേർത്തതായും ഒരു സാമ്പിളിലെ സുഗന്ധവ്യഞ്ജനങ്ങളിൽ കീടനാശിനിയുടെ അംശം കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കണ്ടെത്തിയ പിഴവുകൾക്കെതിരെ നാല് പ്രോസിക്യൂഷൻ കേസുകളും, ഏഴ് അഡ്ഡിക്കേഷൻ കേസുകളും ഫയൽ ചെയ്തു. വിവിധ പിഴവുകൾക്ക് അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 12 സ്ഥാപനങ്ങളിൽ നിന്നായി 145000 രൂപാ പിഴ ഈടാക്കി. ആർ.ഡി.ഓ മുമ്പാകെ ഫയൽ ചെയ്തിട്ടുള്ള ഒൻപത് കേസുകൾ തീർപ്പാക്കി.

ആനച്ചാൽ ലാഭം ഗ്രോസറി മാർട്ട് 10000 രൂപ, മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റ് സ്ഥാപനത്തിന് 10000 രൂപ, നിരോധിച്ച നെയ്യ് കടയിൽ സൂക്ഷിച്ചതിന് കുഞ്ചിത്തണ്ണി ബിസ്മില്ല സ്റ്റോഴ്‌സിന് 5000 രൂപ, ആനച്ചാൽ പുത്തൻപുരയ്ക്കൽ ഹൈപ്പർ മാർക്കറ്റിന് 10000 രൂപ, തൊടുപുഴ സിലോൺ ഹോട്ടലിന് ശുചിത്വമില്ലാതെ പ്രവർത്തിച്ചതിനും, ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനുമായി 150000 രൂപ, കുട്ടിക്കാനം ഓപ്പൺ കിച്ചൺ, ബാർ ബി ക്യൂ എന്ന സ്ഥാപനത്തിന് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം നിർമ്മിച്ച് വിതരണം ചെയ്തതിന് 75000 രൂപ, കുമളിയിൽ പ്രവർത്തിക്കുന്ന സിജോസ് ഹോട്ടലിന് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും, മെഡിക്കൽ ഫിക്സ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനും, അടുക്കളയും, ഫ്രീസറും ശുചിത്വ നിലവാരം പാലിക്കാത്തതിനുമായി 75000 രൂപ, കമ്പളിക്കണ്ടം നീരാനൽ ജനറൽ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നിലവാരമില്ലാത്ത കൃത്രിമമായ വിനീകർ വിറ്റതിന് 5000 രൂപയും ഇടുക്കി സീസൺ ട്രഡേഴ്സ്, ആലപ്ര എന്ന സ്ഥാപനത്തിന് 10000 രൂപ, ഈർപ്പത്തിന്റെ അളവ് കൂടുതലുള്ള പപ്പടം നിർമ്മിച്ച് വിറ്റതിന് പ്രമോദ്, പുരുഷൻ, ജയലക്ഷ്മി പപ്പടം എന്നിവർക്ക് 1000 രൂപ വീതവും വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാതാവായ സ്ഥാപനങ്ങൾക്കും ഉൾപ്പെടെ പതിനേഴ് ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപ പിഴ ഇനത്തിൽ ചുമത്തിയിട്ടുണ്ട്.

ഹോസ്റ്റൽ കാന്റീനുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവും ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് 2025 ഡിസംബർ 20 മുതൽ 2025 ഡിസംബർ 27 വരെ പ്രത്യേക സ്‌ക്വാഡും രൂപീകരിച്ച് പരിശോധന നടത്തിയിട്ടുണ്ട്. ശബരിമല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ആറോളം പരിശീലന പരിപാടികൾ തീർത്ഥാടകർ യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ നിരവധി പരിശോധനകൾ, തുടങ്ങിയവ നടത്തി. കൂടുതൽ കളർ കാണുന്ന ഭക്ഷണ വിഭവങ്ങൾ ഒഴിവാക്കണമെന്നും ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കേണ്ടതാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *