തൊടുപുഴ: വനം വകുപ്പിന്റെ കടന്നുകയറ്റത്തിന് സംസ്ഥാന സർക്കാർ കൂട്ടു നിന്നാൽ ഇടുക്കി ജില്ലയിൽ കർഷകർ കഷ്ടത്തിലാവുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ഇടുക്കി ജില്ലാ ക്യാമ്പ് അറക്കുളത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനത്തിനുള്ള പല പദ്ധതികളും വനംവകുപ്പിന്റെ എതിർപ്പ് മൂലം മുമ്പ് എന്നത്തേക്കാളും തടസ്സപ്പെടുത്തുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ച് വന്നിരുന്ന നിരവധി റോഡുകളുടെ അറ്റകുറ്റപ്പണികൾ പോലും വനം വകുപ്പ് അനുവദിക്കുന്നില്ല.
ഉടുമ്പന്നൂർ – കൈതപ്പാറ – വാഴത്തോപ്പ് റോഡിന് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം നടത്താൻ വനം വകുപ്പ് തടസ്സം നിൽക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി പോലും പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു. ജില്ലയിലെ കൂടുതൽ പ്രദേശങ്ങൾ പ്രഖ്യാപിത വനമാക്കി മാറ്റാനുള്ള നീക്കം ജനങ്ങൾക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും. മലങ്കരയിലെ എം.വി.ഐ.പി ഭൂമി നോട്ടിഫൈഡ് വനമാക്കി മാറ്റാനുള്ള ശ്രമവും ഇതിൻ്റെ ഭാഗമാണ്. 1992 ലെ സർക്കാർ ഇടമലയാറിന് പകരം മലങ്കരയിലെ ഭൂമി വിട്ടു നൽകിയത് മരം വെച്ചുപിടിപ്പിക്കാനാണ്. എന്നാൽ ഇത് നോട്ടിഫൈഡ് വനമായി മാറിയാൽ ഈ ഭൂമിയിലൂടെ നടന്നു വരുന്ന നിരവധി പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകും.
നിരവധി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതികളുടെ ഉറവിടം മലങ്കര ജലാശയമാണ്. ജലവിതരണ പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് പോലും വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്. എംവിഐപി പ്രദേശത്തെ ജനങ്ങൾ ഉപയോഗിക്കുന്ന നടപ്പുവഴികൾ, കുളിക്കടവുകൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് തടസ്സം ഉണ്ടാവും. കാർബൺ ഫണ്ട് ഉപയോഗിച്ച് കൈവശ ഭൂമി വാങ്ങി വനമാക്കുന്നത് ദീർഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടിയാണ്. തുണ്ട് ഭൂമികൾ വനമായി മാറുന്നതോടെ സമീപ പ്രദേശത്തെ ജനങ്ങൾ നാടുവിട്ട് ഇറങ്ങേണ്ടി വരുമെന്ന ദുരവസ്ഥയാണ് സംജാതമാകാൻ പോകുന്നത്.
ഈ നടപടി ഇടുക്കി ജില്ലയിൽ തന്നെ നടപ്പാക്കുന്നത് അത്യന്തം ഗുരുതരമാണ്. സിഎച്ച്ആർ ഭൂമിയിൽ ഉൾപ്പെടെ വനം – റവന്യൂ സംയുക്ത പരിശോധന നടത്തി പട്ടയം നൽകാൻ താൻ റവന്യൂ മന്ത്രി ആയിരുന്നപ്പോൾ തീരുമാനമായതാണ്. എന്നാൽ സിഎച്ച്ആർ ഭൂമിയെ വീണ്ടും വനം ആക്കി മാറ്റാനുള്ള നടപടിയെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
മതികെട്ടാനിൽ പട്ടയ ഭൂമിയിൽ നിന്ന് കുടിയിറക്കിയ നടപടിയെ എതിർത്ത ഏക പാർട്ടി കേരള കോൺഗ്രസ് ആണ്. അവിടം വന ഭൂമിയായി നോട്ടിഫൈ ചെയ്തത് മുതൽ വനവൽക്കരണ പദ്ധതി ആരംഭിച്ചു. വനം വകുപ്പിൻ്റെ കടന്നുകയറ്റത്തെ ജില്ലയിലെ ജനപ്രതിനിധികൾ അനുകൂലിച്ച് ന്യായീകരിക്കുന്നത് ജനങ്ങൾ മനസ്സിലാക്കുമെന്നും ജോസഫ് പറഞ്ഞു.
ജില്ലാ ക്യാമ്പിൽ ജില്ലാ പ്രസിഡൻറ് പ്രൊഫ: എം ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. അഡ്വ. ജോയ് എബ്രഹാം എക്സ് എം പി, അഡ്വ. ഫ്രാൻസിസ് ജോർജ്, അഡ്വ. ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, അഡ്വ. ജോസഫ് ജോൺ, അഡ്വ. തോമസ് പെരുമന, അഡ്വ. ജോസി ജേക്കബ്, പ്രൊഫ: ഷീല സ്റ്റീഫൻ, ആൻ്റണി ആലഞ്ചേരി, അപു ജോൺ ജോസഫ്, എം മോനിച്ചൻ, നോബിൾ ജോസഫ്, ഷൈനി സജി, വർഗീസ് വെട്ടിയാങ്കൽ, വി എ ഉലഹന്നാൻ, ഫിലിപ് മലയാറ്റ് എന്നിവർ ക്യാമ്പിൽ പ്രസംഗിച്ചു.
എം ജെ കുര്യൻ, സിനു വാലുമ്മേൽ, അഡ്വ. എബി തോമസ്, സി വി സുനിത, മാത്യൂസ് തെങ്ങുംകുടി, കെ കെ വിജയൻ, ടോമിച്ചൻ ബി മുണ്ടുപാലം, അഡ്വ. ഷൈൻ വടക്കേക്കര, ബെന്നി പുതുപ്പടി, സാബു വേങ്ങവയലിൽ, എ ഡി മാത്യു അഞ്ചാനി, ബാബു കീച്ചേരിൽ, ജോയ് കൊച്ചുകരോട്ട്, ജോജി ഇടപ്പള്ളിക്കുന്നേൽ, ബിജു പോൾ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.