Timely news thodupuzha

പലിശ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടായ ഊർജ വിലയിലെ അസ്ഥിരതയും വിതരണ തടസങ്ങളും വിലയിരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രധാന പലിശനിരക്കുകൾ തുടർച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ നിലനിർത്തി. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാമത്തെ പണനയ അവലോകന യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ച ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര, മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായി റെക്കോർഡ് നിരക്കായ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചതായി അറിയിച്ചു. ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ ഇടക്കാല ലക്ഷ്യമായ നാല് ശതമാനം കടന്ന് 4.38 ശതമാനത്തിലെത്തിയിട്ടും പലിശനിരക്കിൽ മാറ്റം വരുത്താൻ തയാറായില്ല എന്നത് ശ്രദ്ധേയമാണ്.

അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.7 ശതമാനമായി ആർബിഐ ഉയർത്തിയപ്പോൾ, പണപ്പെരുപ്പ പ്രവചനം അഞ്ച് ശതമാനമായി കുറച്ചു. ഈ വർഷത്തിൻറെ തുടക്കം മുതൽ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 95നും 96നും ഇടയിലാണ് വ്യാപാരം നടക്കുന്നത്.

എണ്ണവില വർധന, മൂലധന ചോർച്ച, വ്യാപാരക്കമ്മി, കരുത്താർജിക്കുന്ന യുഎസ് ഡോളർ എന്നിവയുടെ സമ്മർദം കാരണം ഏഷ്യയിലെ ഏറ്റവും സ്ഥിരതയുള്ള കറൻസികളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന രൂപ, ഈ വർഷം ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസികളിൽ ഒന്നായി മാറി. 2026 ൽ ഇതുവരെ രൂപയുടെ മൂല്യത്തിൽ ഏഴ് ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഏകദേശം ആറ് ശതമാനമാണ് രൂപ ഇടിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *