വയനാട്: ബത്തേരിയിൽ നിന്നും പിടികൂടിയ പിഎം 2 കാട്ടാനയെ കാട്ടിൽ വിടാൻ വനംവകുപ്പ് ആലോചന തുടങ്ങി. മൃഗ സ്നേഹികളുടെ ആവശ്യം പരിഗണിച്ച് ഇതിന്‍റെ സാധ്യത പരിശോധിക്കാൻ പിസിസിഎഫ് ഗംഗാസിങ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. അതേസമയം ആനയെ മുത്തങ്ങയിൽ തന്നെ പാർപ്പിക്കണമെന്നും പുറത്തു വിടാനാണ് തീരുമാനമെങ്കിൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച പിഎം 2 കാട്ടാനയെ ജനുവരി 9 നാണ് വനംവകുപ്പ് പിടികൂടിയത്. മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലടച്ച പന്തല്ലൂർ മഖ്ന 2 എന്ന പാപ്പൻമാരുടെ ശിക്ഷണത്തിൽ കാട്ടാന മെരുങ്ങിത്തുടങ്ങി. കൂടിനു പുറത്തിറക്കി കുങ്കിയാന പരിശീലനം നടത്താൻ തയ്യാറെടുക്കുമ്പോഴാണ് ആനയെ തിരികെ കാട്ടിലേക്കു വിടണമെന്ന ആവശ്യം ഉയർന്നു വന്നത്. മൃഗസ്നേഹികളും പരിസ്ഥിതി പ്രവർത്തകരുമാണ് രംഗത്തുവന്നത്. ഇതോടെ സാധ്യത പരിശോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. പാലക്കാട് വൈൽഡ് ലൈഫ് സിസിഎഫ് ചെയർമാനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പം പരിസ്ഥിതി സംഘടനാ പ്രവർത്തകരും സമിതിയിൽ അംഗങ്ങളാണ്.